അപകടത്തില്‍ അന്ധനായ അധ്യാപകന്റെ ലാപ്ടോപ്പ് തകര്‍ന്നു, അധ്യാപനം പ്രതിസന്ധിയില്‍
കാറളം: അന്ധനായ അധ്യാപകന്റെ ലാപ്ടോപ്പ് അപകടത്തില്‍ തകര്‍ന്നതോടെ അധ്യാപനം പ്രതിസന്ധിയിലായി. വല്ലച്ചിറ ഗവ. എല്‍പി സ്കൂളിലെ മൂന്നാം ക്ലാസിലെ അധ്യാപകനും കാറളം മങ്ങാടി വീട്ടില്‍ അനീഷിന്റെ ലാപ്ടോപ്പാണ് തകര്‍ന്നത്. സ്വകാര്യബസ് ഇടിച്ചാണ് ലാപ്ടോപ്പിന് നാശനഷ്ടം ഉണ്ടായത്. ബന്ധുവായ രവിയുമൊത്ത് സ്കൂളിലേക്ക് പോകുമ്പോള്‍ പെട്രോള്‍ അടിക്കുന്നതിനായി പമ്പിലേക്ക് തിരിയുന്നതിനിടെയാണ് തൊട്ടുപുറകില്‍ ഉണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു വന്നിരുന്ന സ്വകാര്യ ബസ് അനീഷും ബന്ധുവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ കൈക്കും കാലിനും സാരമായ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടുവെങ്കിലും അനീഷിന്റെ കയ്യില്‍ ഉണ്ടായിരുന്ന ലാപ്ടോപ്പ് പൂര്‍ണമായി തകരുകയായിരുന്നു.
പ്രത്യേക ടോക്കിംങ്ങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഈ ലാപ്ടോപ്പ് വഴിയാണ് അനീഷ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടത്തിയിരുന്നത്. ലാപ്ടോപ്പിനു സംഭവിച്ച നാശനഷ്ടത്തിന്റെ തുക നല്കാന് തയ്യാറല്ലെന്നും കേസ് നല്കിക്കോളു എന്ന മറുപടിയാണ് ബസ് ജീവനക്കാരില്‍ നിന്നും ലഭിച്ചതെന്ന് അനീഷ് പറയുന്നു. 95 ശതമാനത്തോളം അന്ധത ബാധിച്ചിട്ടുള്ള ഈ അധ്യാപകന്റെ ലാപ്ടോപ്പ് തകരാറിലായതോടെ അധ്യാപനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. നാഷ്ണല്‍ ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് സ്റ്റേറ്റ് യൂത്ത് സെക്രട്ടറിയായ അനീഷ് ഇന്ത്യന്‍ ബ്ലൈൻഡ് ഫുട്ട്ബോള്‍ പ്ലയര്‍ കൂടിയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുവാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അനീഷ്.