ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ നടന്ന ഓള് കേരള വുമണ്‍സ് ബാഡ്മിന്റണ്‍ ലീഗ് : എവനീര്‍ ഏവിയേഷന്‍സ് ചാമ്പ്യന്മാര്

ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ വച്ച് നടന്ന ഓള് കേരള വുമണ്‍സ് ബാഡ്മിന്റണ്‍ ലീഗില്‍ ചാമ്പ്യന്മാരായ എറണാകുളം ഏവനീര് ഏവിയേഷന്‍സ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ വച്ച് നടന്ന ഓള് കേരള വുമണ്‍സ് ബാഡ്മിന്റണ്‍ ലീഗില്‍ എറണാകുളം ഏവനീര് ഏവിയേഷന്‍സ് ഇരിങ്ങാലക്കുട ലയന്‍സ് ഷട്ടില്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലയണ്‍സ് ഷട്ടില്‍ ക്ലബ്ബിലെ മീരാ എസ്. നായര്‍ അപര്‍ണ സഖ്യം അവനീര്‍ ഏവിയേഷന്‍ എറണാകുളത്തെ പരാജയപ്പെടുത്തി ലീഡ് നേടി. 35 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ അവനീര്‍ ഏവിയേഷന്റെ ഹിമ വിവേകാനന്ദന് നിള സഖ്യം ലയണ്‍സ് ഷട്ടില്‍ ക്ലബ്ബിന്റെ ഷേബ മായശ്രീ സഖ്യത്തെ പരാജയപ്പെടുത്തി ഒപ്പം എത്തി.
നിര്‍ണായകമായ 45 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വാശിയേറിയ മത്സരത്തിലൂടെ ഏവിയേഷന്റെ മിനി രാജന് നായര്‍ വിജയ് ലക്ഷ്മി സഖ്യം ലയണ്‍ ഷട്ടില്‍ ക്ലബ്ബിന്റെ ആശ ജെസി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് ട്രഷറര്‍ ജോയ് കെ. ആന്റണി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമി സെക്രട്ടറി പീറ്റര്‍ ജോസഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ആള്‍ജോ ജോസഫ്, അബ്രഹാം പഞ്ഞിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.