ആധുനിക പുനരധിവാസ സാങ്കേതിക സംവിധാനങ്ങള്‍ നിപ്മറില്‍ വിപുലമാക്കും: മന്ത്രി ബിന്ദു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) അല്‍ട്രാ സൗണ്ട് സ്കാനിങ്ങ് യൂണിറ്റ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ആധുനിക പുനരധിവാസ സാങ്കേതിക സംവിധാനങ്ങള്‍ നിപ്മറില്‍ വിപുലമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്. ബിന്ദു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) അല്‍ട്രാ സൗണ്ട് സ്കാനിങ്ങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അതി നൂതന സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ നിപ്മറില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
21.1 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത് എസ്ഇഎംഎസ് കോളജ് രൂപകല്‍പ്പന ചെയ്ത അഡാപ്റ്റീവ് കായികോപകരണം ഡീന്‍ ഡോ. വി. സുരേഷ് കുമാര്‍ മന്ത്രിയുടെ സാനിധ്യത്തില്‍ നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിന് കൈമാറി. ചടങ്ങില്‍ എം വോക് തൊഴില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി.
മസ്കുലാര്‍ ഡിസ്ട്രോഫിയെ പ്രതിരോധിച്ച ഗായികയും മോട്ടിവേഷണല്‍ സ്പീക്കറുമായ സിയ ശ്രുതിയുടെ സംഗീത പരിപാടിയോടെയാണ് പരിപാടി തുടങ്ങിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസണ്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, ആളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. അല്ലി പ്ലാക്കല്‍, ഡോ. ജോബി ജേക്കപ്പ്, ആളൂര്‍ പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ സംബന്ധിച്ചു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു സ്വാഗതവും ഫിസിയാട്രിസ്റ്റ് സൗമ്യ തങ്കപ്പന് നന്ദിയും ആശംസിച്ചു.