ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിൽ വൻ കുഴികൾ; കണ്ണടച്ച് അധികൃതർ, പരാതിയുമായി വ്യാപാരികൾ

ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴി
ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളിലെ കുഴികൾ മനുഷ്യജീവനു തന്നെ ഭീഷണിയായിട്ടും അധികൃതർ അലംഭാവം തുടരുന്നതിനെതിരേ വ്യാപാരികളും നാട്ടുകാരും രംഗത്ത്. ഇരുചക്ര വാഹനങ്ങളിലുള്ള നഗരയാത്ര പലപ്പോഴും നരകയാത്രയാകുകയാണ്. നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന മാർക്കറ്റ് റോഡിൽ വലിയ കുഴികൾ രൂപംകൊണ്ടിട്ടും നഗരസഭാ അധികൃതർ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്നത് വേദനാജനകവും പ്രതിഷേധാർഹവുമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
ഒന്നര വർഷംമുന്പ് ഈ റോഡിന്റെ കിഴക്കേ അറ്റത്ത് ഇരട്ട കപ്പേളയ്ക്കു സമീപത്തെ വളവിലെ കുഴിയിൽ വീണ ബൈക്കിൽനിന്ന് വീണ യുവാവ് മരിച്ചിരുന്നു. 2023 ഒക്ടോബർ 23നു രാത്രിയാണ് റോഡിലെ കുഴിയിൽ ബൈക്ക് വീണ് പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം ബിജോയ് (45) മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. യുവാവിന്റെ മരണശേഷം ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേരിനുവേണ്ടി റോഡിലെ അപകടക്കുഴി നികത്തിയെങ്കിലും ഇപ്പോൾ പൂർവസ്ഥിതിയിലായി. നിലവാരമുള്ള രീതിയിൽ അറ്റകുറ്റപ്പണി നടത്താനോ റീ ടാറിംഗ് ചെയ്യാനോ അധികൃതർ തയാറാകുന്നില്ല എന്നാണ് നാട്ടുക്കാരുടെ പരാതി.
ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് ദിനംപ്രതി നടക്കുന്നുണ്ട്. റോഡിൽ കേബിളും ശുദ്ധജലപദ്ധതിയുടെ പൈപ്പും കടന്നുപോകുന്ന ഭാഗത്ത് കുഴിയെടുത്ത് മൂടി ഡിവൈഡർ സ്ഥാപിച്ചിരിക്കുകയാണ്. ഇതു കൂടുതൽ അപകടത്തിന് ഇടയാകുമെന്ന് നാട്ടുകാർ ആരോപിച്ചു. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. വലിയ കുഴികളിൽ ചാടി ഇരുചക്രവാഹനയാത്രികർക്കാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. കൂടാതെ ചെറുകാറുകളും മറ്റും കുഴികളിൽവീണ് വാഹനത്തിനു കേടുപാട് സംഭവിക്കുന്നതും സാധാരണമാണ് കുഴി മൂടാൻ അടുത്ത മരണം വരെ കാത്തിരിക്കേണ്ടിവരുമോ എന്നാണു വ്യാപാരികളുടെയും നാട്ടുക്കാരുടെയും ചോദ്യം.