ഇറ്റലിയിലെ ജനോവയിലെ നഗരസഭാ കൗണ്‍ലിലേക്ക് മത്സര രംഗത്ത് മലയാളി സാന്നിധ്യം

ബിബിൻ.
ഇറ്റലി: മധ്യ ഇറ്റലിയിലെ ജനോവയിലെ വാല്ബിസാഞോ (Val Bisagno ) 3 & 4 നഗരസഭകളിലേയ്ക്ക് മത്സര രംഗത്ത് മലയാളിയും. കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി ബിബിന്‍ സ്ക്കറിയ ചോളിയിൽ ആണ് മത്സര രംഗത്തുള്ളത്. ജെനോവയിൽ 10 വർഷങ്ങളായി ഭരിക്കുന്ന വലത് പക്ഷ പാർട്ടിയുടെ ഇപ്പോഴത്തെ വൈസ് മേയറും ഈ തിരഞ്ഞെടുപ്പിലെ മേയർ സ്ഥാനാർത്ഥിയുമായ Pietro Piciocchi യുടെ കൂടെ വലത് പക്ഷ പാർട്ടി (Vince Genova) സ്ഥാനാർഥി ആയി ആണ് ബിബിൻ മത്സരിക്കുന്നത് . Casa Di Cura Villa Serena എന്ന ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ നഴ്സായി ജോലി ചെയ്തുവരികയാണ്. 2009 മുതല്‍ ജെനോവയിലെ വിവിധ കലാസാംസ്കാരിക പരിപാടികളിലൂടെ മലയാളികളുടെ ഇടയില്‍ നിറസാന്നിധ്യമായിരുന്നു. ഏറെ മലയാളികള്‍ ഉള്ളതിനാലും മലയാളികള്‍ക്ക് പരിചയമുള്ള ഇറ്റലിക്കാര്‍ ഏറെയുള്ള സ്ഥലമായതിനാലും വളരെ വിജയ സാധ്യതയുള്ള വ്യക്തിയായി ബിബിന്‍ മാറിയിട്ടുണ്ട്. കേരളത്തില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തൃശൂർ ദയ ആശുപത്രിയിലും നഴ്സിംഗ് സറ്റാഫായി ജോലി ചെയ്തിട്ടുണ്ട്.
ഏറെ സഹായ മനസ്ഥിതിയുള്ള ആളുകള്‍ ജോലി ചെയ്യുന്ന ഈ നഗരസഭയില്‍ തന്നെയാണ് ജേനൊവയിലെ മലയാളി സംഘടനയായ ജേനൊവ സ്റ്റാലിയന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജേനൊവ സ്റ്റാലിയന്‍ എന്ന സാംസ്കാരിക സംഘടനയുടെ വൈസ് പ്രസിഡന്റാണ് ബിബിൻ. മലയാളികള്‍ ഡോക്യുമെന്റ് വര്‍ക്കുകള്‍ക്കായി ഏറെ ആശ്രയിക്കുന്ന നഗരസഭയും ഇതു തന്നെയാണ്. തന്റെ പൊതുസേവന പ്രതിബദ്ധത ആശുപത്രിയിലൊതുങ്ങുന്നതല്ലെന്നും മനുഷ്യരുടെ അത്യന്തം നിസ്സഹായമായ സമയങ്ങളില്‍ അവരുടെ കൂടെ നില്ക്കുക, സഹാനുഭൂതിയോടെ കേള്‍ക്കുക, ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക, ടീമായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും ബിബിന്‍ തുറന്നു പറഞ്ഞു. പ്രതിനിധി ആകുവാന്‍ കഴിയുന്നമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ബിബിനും സഹപ്രവര്‍ത്തകരും. മേയ് 25നും 26നുമാണ് വോട്ടെടുപ്പ് നടക്കുന്നത്