പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തി
ഇരിങ്ങാലക്കുട: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ഡൈമണ് എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനുജോസിനെ (28 ) കാപ്പ ചുമത്തി തടങ്കലിലാക്കി. ഇരട്ടക്കൊലപാതകം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രണ്ട് വധശ്രമക്കേസുകള്‍ തുടങ്ങി ഒമ്പതോളം കേസുകളില്‍ ഇയാൾ പ്രതിയാണ്. മരണവീട്ടില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ സുനില്‍കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.
റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്യര്യ ദോഗ്ര നൽകിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ല കളക്ടര്‍ കൃഷ്ണ തേജാ ഐഎഎസ് ആണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചേര്‍പ്പ് എസ്ഐ മാരായ ശ്രീലാല്‍, അജയഘോഷ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ്കുമാര്‍, സോഹന്‍ലാല്‍, വിനോദ്, ശരത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കാപ്പ നടപടികള്‍ സ്വീകരിക്കുന്നതിലും പ്ര തിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.