നിര്‍മ്മാണ പ്രവൃത്തിയില്‍ ന്യൂനതകള്‍ കണ്ടെത്തി; പുളിക്കലച്ചിറ പാലം പണി നിര്‍ത്തി

പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിറുത്തി വച്ച നിലയില്‍.
ഇരിങ്ങാലക്കുട: നിര്‍മ്മാണ പ്രവൃത്തിയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിറുത്തി വച്ചു. പാലത്തിന്റെ മൂന്ന് പൈലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൈല് ക്യാപ്പിലൊന്നിന്റെ പരിശോധനയില്‍ പൊതുമരാമത്ത് വകുപ്പ് നിഷ്കര്‍ഷിക്കുന്ന ഗുണ നിലവാരമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വച്ചത്. നാലമ്പല തീര്‍ഥാടകര്‍ എറെ ആശ്രയിക്കുന്ന റോഡിലുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പേ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിറുത്തി വയ്ക്കേണ്ടി വന്നത് തിരിച്ചടിയായി.
ഒരു കോടി 62 ലക്ഷം രൂപ ചിലവില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2024 ആഗസ്റ്റ് 31 നാണ് ആരംഭിച്ചത്. പാലത്തിന്റെ നിര്‍മാണത്തില്‍ സംശയം ഉയര്‍ന്നതോടെ ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത് വന്നു. തുടര്‍ന്ന് മരാമത്ത് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതോടെയാണ് നിര്‍മാണത്തിലെ വീഴ്ച പുറത്ത് വന്നത്. തുടര്‍ന്ന് ഇരു പഞ്ചായത്തുകളുടെയും പ്രസിഡന്റുമാരും ജനപ്രതിനിധികളും ജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. തൂണുകള്‍ക്കും മേല്‍ത്തട്ടിനും ഇടയില്‍ ചെയ്ത കോണ്‍ക്രീറ്റ് ഗുണനിലവാരം കുറഞ്ഞതാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇത് പരിഹരിച്ച് പാലം നിര്‍മാണം പുനരാരംഭിക്കുമെന്നും ഗതാഗതത്തിനായി താല്‍ക്കാലിക റോഡ് ബലപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ജൂലൈയില്‍ ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടന കാലത്തിന് മുന്‍പ് തുറന്നു കൊടുക്കും എന്ന തീരുമാനത്തിലാണ് നിര്‍മാണം ആരംഭിച്ചത്. പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെ നാലമ്പല ദര്‍ശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന റോഡാണിത്. പാലത്തിന്റെ വീതി കുറവുമൂലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം തടഞ്ഞു നിന്ന് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായിരുന്നു. തുടര്‍ന്നാണ് വീതികൂട്ടി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായത്.
ഗുണ നിലവാരം കുറവെന്ന് കണ്ടൈത്തിയ ഭാഗം പൊളിച്ച് നീക്കി ഉടന്‍ തന്നെ പുനര്‍നിര്‍മ്മിക്കുമെന്നും ഇതിനുള്ള അനുമതി ലഭിച്ച് കഴിഞ്ഞതായും പിഡബ്്യുഡി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് മുമ്പായി പാല നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. തീര്‍ത്ഥാടന യാത്രയ്ക്ക് തടസം നേരിടാതിരിക്കാന്‍ വേണ്ടി പാലത്തോട് ചേര്‍ന്നുള്ള ബണ്ട് റോഡ് ഉയരം കൂട്ടി ശക്തപ്പെടുത്താനും വെള്ളം ഒഴുകി പോകാനുള്ള കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കാനും ചണ്ടികള്‍ അടിയന്തരമായി നീക്കം ചെയ്യാനുമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാലം നിര്‍മാണം അഴിമതിയുടെ കൂടാരം- ബിജെപി
പാലം നിര്‍മാണം അഴിമതിയുടെ കൂടാരമായി മാറിയെന്ന് ബിജെപി ആരോപിച്ചു. തൂണിന്റെ ഗുണനിലവാരം ഉറപ്പാക്കാതെ തുടര്‍ന്നും നിര്‍മാണം നടത്താന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്നും കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര ആവശ്യപ്പെട്ടു. പുളിക്കലച്ചിറ പാലം നിര്‍മാണം അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുംമൂലം നിര്‍ത്തിവയ്ക്കേണ്ടി വന്നതിനെ പറ്റി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാലമ്പല ദര്‍ശനത്തിന് വരുന്ന വാഹനങ്ങള്‍ സുരക്ഷിതമായി കടന്ന് പോകാന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.