ചരിത്രം കുറിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ്; റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് തുടര്‍ച്ചയായി പതിനാല് മണിക്കൂര്‍ സോപാന സംഗീതാലാപനത്തിലൂടെ
ഇരിങ്ങാലക്കുട: സോപാന സംഗീതാലാപനത്തില്‍ ചരിത്രം രചിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് നനദുര്ഗ്ഗ. തുടര്‍ച്ചയായി പതിനാല് മണിക്കൂര്‍ സോപാന സംഗീതം ആലപിച്ചാണ് സോപാന കലാകാരന് ലോക റെക്കോര്‍ഡിന് ഉടമയായിരിക്കുന്നത്. കൂടല്‍മാണിക്യ ക്ഷേത്ര കിഴക്കേ നടയില്‍ രാവിലെ അഞ്ച് മണിയോടെയാണ് ആലാപനം ആരംഭിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രം സായാഹ്ന കൂട്ടായ്മയായിരുന്നു സംഘാടകര്‍. വൈകീട്ട് എഴ് മണിയോടെ ഹൃദ്യമായ സദസ്സിനെ സാക്ഷിയാക്കി ആലാപനം നിറുത്തുമ്പോള്‍ ഗുരുവായൂര്‍ സ്വദേശി ജ്യോതിദാസിന്റെ പേരിലുള്ള 12 മണിക്കൂര്‍ റെക്കോര്‍ഡ് പഴങ്കഥയായി മാറിയിരുന്നു. എഷ്യയിലെ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന കല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം എന്ന എജന്‍സിയുടെ പ്രതിനിധി ഗിന്നസ്സ് സുനില്‍ ജോസഫ് സലീഷിന്റെ നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
ആറ് വര്‍ഷങ്ങളായി സോപാന സംഗീത രംഗത്തുള്ള ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ഗുരുവിലാസം വീട്ടില്‍ സലീഷ് വെട്ടിക്കര നനദുര്ഗ്ഗ ക്ഷേത്രത്തില്‍ നിന്നാണ് സോപാന സംഗീതത്തിന്റെ ആദ്യ ചുവടുകള്‍ വച്ചത്. ശബരിമല, ഗുരുവായൂര്‍, വടക്കുന്നാഥന്, കൂടല്‍മാണിക്യം അടക്കം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ സലീഷ് ഇതിനകം തന്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സമാപന ചടങ്ങ് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, സന്തോഷ് ബോബന്, ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, രഘു രാമപ്പണിക്കര്, കലാനിലയം രാഘവന്, പി.കെ. ഉണ്ണികൃഷ്ണന്, കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മ പ്രതിനിധികളായ അരുണ്‍കുമാര്‍, സുമേഷ്നായര് എന്നിവര്‍ സംസാരിച്ചു.