ഭരണാധികൃതരുടെ അവഗണനയുടെ നേര്കാഴ്ചയുമായി പേരിനൊരു ബസ്റ്റാന്റ്, ബസുകള്‍ കയറാത്ത ഇരിങ്ങാലക്കുടയിലെ മിനി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡില്‍ സ്ഥലമില്ലാതെ റോഡരികുകളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നഗരസഭ നിര്‍മിച്ച മിനി ബസ് സ്റ്റാന്‍ഡ് ഉപയോഗപ്രദമാക്കാനായില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 30 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഈ മിനി ബസ് സ്റ്റാന്‍ഡ്. എന്നാലിപ്പോള്‍ ഇവിടം കാടുകയറി, അറവുമാടുകളെ കെട്ടുന്നതിനും പച്ചക്കറികളും മറ്റുമായി വരുന്ന ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സ്ഥലമായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റ് പ്രദേശത്തെ വികസനത്തിന് ഏറെ പ്രതീക്ഷ നല്കി 1992 ജൂലായ് 18ന് അന്നത്തെ നഗരസഭ ചെയര്‍മാനായ അഡ്വ. ടി.ജെ. തോമസാണ് മിനി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഹോള്‍ട്ടിംഗ് സ്റ്റേഷനായും മിനി ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് എത്തിച്ചേരുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിലെത്തി അവിടെനിന്ന് ഠാണാ, ജനറല്‍ ആശുപത്രി വഴി മിനി ബസ് സ്റ്റാന്ഡിലെത്തണമെന്നും കിഴക്കുഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മിനി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്ന് തെക്കേ അങ്ങാടി, ചന്തക്കുന്ന്, ഠാണാ, ക്രൈസ്റ്റ് കോളജ് റോഡ് വഴി ബസ് സ്റ്റാന്‍ഡിലെത്തുകയും ചെയ്യണമെന്നുമായിരുന്നു അന്നത്തെ നിര്‍ദേശം.
ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിനങ്ങളില്‍ ഇത് പാലിക്കപ്പെട്ടെങ്കിലും പിന്നീട് ബസ്സുടമകളും ജീവനക്കാരും ഇത് അവഗണിച്ചു. നഗരസഭയോ, പോലീസോ മറ്റ് ജനപ്രതിനിധികളോ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നതും തിരിച്ചടിയായി. ഉപയോഗിക്കാതായതോടെ മിനി ബസ് സ്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡ്ഡുകളെല്ലാം തുരുമ്പെടുത്തു നശിച്ചു. പരിസരങ്ങളെല്ലാം കാടുകയറി. മിനി ബസ് സ്റ്റാന്‍ഡിനെ കൂടി ഉപയോഗപ്രദമാക്കുന്ന തരത്തില്‍ ട്രാഫിക് പരിഷ്കരണം നടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായാല്‍ അത് കൂടുതല്‍ ഗുണകരമാകുമെന്ന് ജനം വിലയിരുത്തുന്നു. കൂടുതല്‍ സമയം ഹോള്ട്ടുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ ഈ സ്റ്റാന്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്നും യാത്രക്കാര്‍ പറയുന്നു. നാലു ലക്ഷം രൂപയോളം ചെലവഴിച്ച് കുറച്ചുവര്‍ഷം മുമ്പ് നഗരസഭ അധികൃതര്‍ മിനി ബസ് സ്റ്റാന്‍ഡില്‍ നവീകരണം നടത്തിയിരുന്നു. നവീകരണം നടത്തിയാല്‍ മാത്ം പോരാ സ്റ്റാന്‍ഡില്‍ ബസുകള്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.