വീട് കയറി ആക്രമണം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: വീട് കയറി കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതിയായ കരുവന്നൂര്‍ സ്വദേശി കുന്നമ്മത്ത് വീട്ടില്‍ അനൂപി(28) നെയാണ് തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കരുവന്നൂര്‍ സ്വദേശിയായ സൗമീഷിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
2024 ജൂലൈ 21 ന് ആയിരുന്നു സംഭവം. മദ്യലഹരിയില്‍ സ്കൂട്ടറോടിച്ച് പരാതിക്കാരന്റെ വീടിന്റെ ഗെയ്റ്റ് ഇടിച്ചു തുറന്ന് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തില്‍ പരാതിക്കാരന്റെ ഭാര്യയ്ക്കും അമ്മയ്ക്കും ചെറിയ കുട്ടിക്കും പരുക്കേറ്റിരുന്നു.
സംഭവശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയ അനൂപ് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് പെരുമ്പാവൂരില്‍ ഇയാള്‍ ഒളിച്ചു താമസിച്ച കെട്ടിടം പോലിസ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്.
മയക്കുമരുന്ന്, കൊലപാതക ശ്രമം, ആംസ് ആക്ട് അടക്കവുള്ള കേസ്സുകളില്‍ പ്രതിയാണ് പിടിയിലായ അനൂപ്. ഇരിങ്ങാലക്കുട മതിലകം, കൊടകര സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്.ഐ. ആല്‍ബി തോമസ്, മുഹമ്മദ് റാഷി, ഇ.എന്‍.സതീശന്, സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്.ജീവന്, രാഹുല്‍ അമ്പാടന്‍, സി.പി.ഒ കെ.എസ്.ഉമേഷ്, പി.കെ.കമല്‍ കൃഷ്ണ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.