മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് 91 വയസ്
ഇരിങ്ങാലക്കുടയില്‍ നീഡ്സിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും
ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നീഡ്സിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടന്നു. 1934 ജനുവരി 17 ന് ഗാന്ധി പ്രസംഗിച്ച ചളിയംപാടത്തു നിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂര്‍ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു.
അനുസ്മരണ സമ്മേളനം പ്രമുഖ ഗാന്ധിയന്‍ പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, കോ ഓര്‍ഡിനേറ്റര്‍ കെ.പി. ദേവദാസ്, ബോബി ജോസ്, ദേവരാജന്‍, മിനി മോഹന്‍ദാസ്, ആശാലത എന്നിവര്‍ സംസാരിച്ചു.