സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാളിന് ഇന്ന് കൊടികയറും. തിരുനാള്‍ 11,12,13 തീയതികളില്‍ നാളെ രാത്രി പിണ്ടിമേളം, വെള്ളിയാഴ്ച രാത്രി ഫ്യൂഷന്‍ മ്യൂസിക് ഷോ
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പിണ്ടിപ്പെരുനാളിന് ഇന്ന് കൊടികയറും. 11,12,13 തീയതികളിലാണ് തിരുനാള്‍. തിരുനാളിനൊരുക്കമായുള്ള നവനാള്‍ ദിവ്യബലി ആരംഭിച്ചു. ഇന്ന് രാവിലെ 6.45ന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ തിരുനാള്‍ കൊടികയറ്റം നിര്‍വ്വഹിക്കും. എട്ട്, ഒമ്പത്, 10 തിയതികളില്‍ വൈകീട്ട് 5.30ന്റെ ദിവ്യബലിയോടൊപ്പം പ്രസുദേന്തിവാഴ്ചയും തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ നാളെ വൈകീട്ട് 7.30ന് പിണ്ടിമേളം ഉണ്ടായിരിക്കും. 10ന് വൈകീട്ട് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ട് 7.30ന് ഫ്യൂഷന്‍ മ്യൂസിക് ഷോയും ഉണ്ടായിരിക്കും. 11ന് രാവിലെ ആറിന് ദിവ്യബലിക്കു ശേഷം മദ്ബഹയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തിരുസ്വരൂപങ്ങളെ രൂപക്കൂടുകളിലേക്ക് ഇറക്കി സ്ഥാപിക്കും.
തുടര്‍ന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകള്‍ വെഞ്ചിരിക്കും. വൈകീട്ട് 5.30ന് നൊവേന, ആഘോഷമായ ദിവ്യബലി, നേര്‍ച്ച വെഞ്ചിരിപ്പ്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, തുടര്‍ന്ന് വൈകീട്ട് എട്ടിന് സീയോന് ഹാളില്‍ മതസൗഹാര്‍ദ്ദ സമ്മേളനം. 11ന് രാവിലെ 7.15ന്റെ കുര്‍ബാനക്കുശേഷവും 13ന് രാവിലെ ആറു മണിയുടേയും 7.15 ന്റേയും കുര്‍ബാനകള്‍ക്ക് ശേഷവും വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 11ന് രാത്രി എട്ടിനു ശേഷവും 13ന് രാവിലെ മുതല്‍ രാത്രി വരേയും യൂണിറ്റുകളില്‍ നിന്നും വിവിധ അമ്പുസമുദായങ്ങളില് നിന്നും പള്ളിയിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ 12ന് രാവിലെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് 2.30നും കത്തീഡ്രലിലും രാവിലെ 6.30നും എട്ടിനും സ്പിരിച്ച്വാലിറ്റി സെന്ററിലും ദിവ്യബലികള്‍ ഉണ്ടായിരിക്കും. രാവിലെ 10.30ന്റെ ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
തുടര്‍ന്ന് സമാപന പ്രാര്‍ഥനയും തിരുശേഷിപ്പിന്റെ ആശീര്‍വ്വാദവും ഉണ്ടായിരിക്കും. കത്തീഡ്രലിന്െ ആഭിമുഖ്യത്തില്‍ നടത്തുന്ന നിര്‍ധനരോഗികള്‍ക്ക് മരുന്നു നല്കല്, ഭവനരഹിതര്‍ക്കായുള്ള ഭവന നിര്‍മാണപദ്ധതികള്‍, കിഡ്നി രോഗികള്‍ക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ തിരുനാളിന്റെ ഭാഗമായി നടക്കും. 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ ബാന്റ് മേളവും 13ന് രാത്രി 9.30ന് ബാന്റ് വാദ്യമത്സരവും ഉണ്ടായിരിക്കും.
തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് താണിശേരിക്കാരന്, സാബു കൂനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍ ഷാജു എബ്രാഹം കണ്ടംകുളത്തി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.