ഇഴജന്തുക്കളുടെ കേന്ദ്രമായി കെഎസ്ഇബി കെട്ടിടം
കല്ലേറ്റുംകര: പ്രവര്‍ത്തനരഹിതമായ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഓഫീസ് കെട്ടിടം പാമ്പുകളുടെ കേന്ദ്രമാകുന്നതായി പരാതി. കെ. കരുണാകരന് മെമ്മോറിയല്‍ പോളി ടെക്നിക്, ആളൂര്‍ പൊലീസ് സ്റ്റേഷനും ബാങ്ക് ഓഫീസ്, വളം ഡിപ്പോ എന്നിവ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് കെഎസ്ഇബി കോംപൗണ്ടില്‍ നിന്ന് ഇഴജന്തുക്കള്‍ കയറുന്നത് പതിവായതോടെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍, പഞ്ചായത്ത്, പോലീസ് എന്നിവര്‍ക്ക് ബാങ്ക് അധികൃതര്‍ പരാതി നല്കി. ഭാഗികമായി കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മുപ്പതു വര്‍ഷം മുന്‍പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് 2002ല്‍ സെക്ഷന്‍ ഓഫീസായി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും രണ്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പടെയുള്ള ഭാഗം പുല്ല് വളര്‍ന്നു നില്‍ക്കുകയാണ്. സാധന സാമഗ്രികള്‍ കെട്ടിടത്തിന് പുറത്ത് തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. പരിസരം കാടുകയറിയതോടെ പറമ്പിലെ വലിയ മരങ്ങളുടെ ശാഖകളിലൂടെ പോലീസ് സ്റ്റേഷന് ബാങ്ക് കെട്ടിടം എന്നിവയിലേക്ക് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ശോചനീയമായ കെട്ടിടവും കാടുകയറിയ പറമ്പും ശുചീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം സമീപ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.