കേരളത്തില്‍ നിന്നും രണ്ട് അപൂര്‍വ്വയിനം വലച്ചിറകന്മാരെ ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് അപൂര്‍വയിനം വലച്ചിറകന്മാരെ കണ്ടെത്തി. ഗ്ലീനോനോക്രൈസ സെയിലാനിക്ക എന്ന ഹരിത വരച്ചിറകനെ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്നും ആണ് കണ്ടെത്തിയത്.
ഇന്‍ഡോഫെയിന്‍സ് ബാര്‍ബാറ എന്ന് അറിയപ്പെടുന്ന മറ്റൊരു അപൂര്‍വയിനം കുഴിയാന വലചിറകനെ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പുതുനഗരം, കുലുക്കിലിയാട്, കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂര്‍, തിരുവനന്തപുരത്തെ പൊന്മുടി എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. സാധാരണകണ്ടു വരുന്ന തുമ്പികളുമായി കുഴിയാന വലചിറകനെ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും ഇവ വ്യത്യസ്തപെടാന് ഉള്ള പ്രധാന കാരണം.
ഈ ജീവികളുടെ സാന്നിധ്യവും, ഇതിന്റെ പൂര്‍ണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ജേണല്‍ ഓഫ് എന്റെമോളജിക്കല്‍ റിസര്‍ച്ച് സൊസൈറ്റി, നാച്ചുറ സോമോഗിയന്‍സിസ് എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളരെ സുപ്രധാനപ്പെട്ട ഈ കണ്ടത്തിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകള്‍ക്ക് സാമ്യത ഉണ്ടെന്ന് ഈ പഠനം വഴി സൂചനകള്‍ നല്‍കുന്നുണ്ട്.
ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷകന് ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവി ഡോ. സി. ബിജോയ് എന്നിവര്‍ ആണ് ഇവയെ കണ്ടെത്തിയത്. കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികള്‍. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍.) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.