പിണ്ടിപ്പെരുനാള്; ചരിത്ര പ്രൗഢിയോടെ വിളംബരമറിയിച്ച് നകാരധ്വനികളുയര്‍ന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന്റെ വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു. കൊടിയേറ്റ ദിവസം മുതല്‍ തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയം വരെ വിവിധ സമയങ്ങളില്‍ നകാരമേളം മുഴങ്ങും. പൗരാണിക ദേവാലയങ്ങളില്‍ തിരുനാളിനു മുന്നോടിയായി നടക്കുന്ന രാജകീയ പെരുമ്പറമുഴക്കമാണ് നകാരമേളം.
ഇരിങ്ങാലക്കുടയില്‍ പിണ്ടിപെരുന്നാള് ആരംഭിച്ചതുമുതല്‍ നകാരമേളവും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. രാവിലെ ആറിനും ഉച്ചയ്ക്കു 12.30 നും വൈകീട്ട് ഏഴിനും പള്ളിമണി മുഴങ്ങുമ്പോള്‍ നകാരമേളം നടക്കും. നാലടി ഉയരവും മൂന്നടി വിസ്തീര്‍ണവും ഉള്ള ഒരു രണ്ടു നകാരങ്ങളാണു കത്തീഡ്രല്‍ ദേവാലയത്തിലുള്ളത്. തിരുനാള്‍ ഞായറാഴ്ച പ്രദക്ഷിണത്തിനു മുന്നിലായി നകാരംവണ്ടി നഗരം ചുറ്റുന്നതാണു ഏറ്റവും ശ്രദ്ധേയമായ കാര്യം.
നഗരത്തെയും നാട്ടുകാരെയും പ്രദക്ഷിണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള നകാരം കൊട്ട് തിരുനാളിനെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്. പള്ളിയിലെ മുന്‍ ജീവനക്കാരനായ കോട്ടക്കല്‍ പോള്‍സന്റെ നേതൃത്വത്തിലാണ് കാലങ്ങളായി ഇവിടെ നകാരം മുഴക്കുന്നത്. 55 വര്‍ഷം തുടര്‍ച്ചയായി നകാര മേളം നടത്തിയിരുന്ന പോള്‍സനു മുമ്പ് പിതാവ് കോട്ടക്കല്‍ പൈലോതാണ് നകാരമേളത്തിന് നേതൃത്വം നല്‍കിയിരുന്നത്. പോള്‍സനു പുറമേ മക്കളായ ജസ്റ്റിൻ, ബ്രിിന്, പേരക്കുട്ടികളായ ക്രിസ്റ്റഫർ, അലന്, അനസ് എന്നിവരും നകാരമേളത്തിനുണ്ട്.
തിരുനാള്‍ പരിപാടികള്‍ ഇന്ന്
കത്തീഡ്രലില്‍ വൈകീട്ട് അഞ്ചിന് ദിവ്യബലി, പ്രസുദേന്തി വാഴ്ച, ഏഴിന് ദേവാലയത്തിലെ ദീപാലങ്കരങ്ങളുടെയും പ്രവാസി പന്തലിന്റെയും സ്വച്ച് ഓണ്‍ കര്‍മം. 7.30 ന് ഫ്യൂഷന്‍ മ്യൂസിക് ഷോ. എട്ടിന് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിനു മുന്നിലെ വലിയങ്ങാടി അമ്പ ഫെസ്റ്റിലിന്റെ ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കർമം.
ദനഹ ഫെസ്റ്റ് 2025; സിഎല്‍സിയുടെ പിണ്ടി മത്സരം
കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഉയരം കൂടിയ പിണ്ടികള്ക്കുള്ള മത്സരം നടക്കും. ഒന്നാം സമ്മാനമായി 10,001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 5,001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 4,001 രൂപയും ട്രോഫിയും നാലാം സമ്മാനമായി 3,001 രൂപയും ട്രോഫിയും, അഞ്ചാം സമ്മാനം 2,001 രൂപയും ട്രോഫിയുമാണ് നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് 7012752243 നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യൂണിറ്റുകള്‍ക്കും മത്സരിക്കാവുന്നതാണ്.
കെസിവൈഎമ്മിന്റെ പിണ്ടി അലങ്കാര മത്സരം
കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പിണ്ടി അലങ്കാര മത്സരം നടക്കും. ഒന്നാം സമ്മാനമായി 6,666 രൂപയും, രണ്ടാം സമ്മാനമായി 5,555 രൂപയും, മൂന്നാം സമ്ാനമായി 4,444 രൂപയുമാണ് നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 7736523458 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.