ജോസഫൈന് റോബോട്ട് സെന്റ് ജോസഫ്സ് കോളജ് കാമ്പസിലെത്തി
കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ആദ്യ റോബോട്ടിക്ക് നേട്ടമാണിത്
ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതു കാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാള്‍ മുന്‍ നിരയിലാണ് മനുഷ്യനിര്‍മിത മസ്തിഷ്കങ്ങള്‍ സര്‍ഗാത്മക പ്രവൃത്തിയിലടക്കം ഏര്‍പ്പെടുന്നത്.- മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: സംശയിക്കേണ്ട, ലൈബ്രറിയിലെ പുസ്തകങ്ങള്‍ കണ്ടെത്താനും അവയിലെ ആശയങ്ങള്‍ പറഞ്ഞുതരാനും കോളേജിലെ സേവനങ്ങള്‍ ലഭ്യമാക്കാനും റോബോട്ടിനു കഴിയും. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലാണ് ഇത്തരം റോബോട്ട് സ്ഥാപിച്ചത്. കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ആദ്യ റോബോട്ടിക്ക് നേട്ടമാണിത്. ജോസഫൈന് റോബോട്ട് എന്നാണതിന്റെ പേര്. വ്യക്തികളുടെ മുഖം തിരിച്ചറിയല്‍, ശബ്ദം തിരിച്ചറിയല്‍, തത്സമയവിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകള്‍ക്ക് സുഗമമായി കോളേജ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ വികസിപ്പിച്ചെടുത്ത മാപ്പ് നാവിഗേഷന്‍ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങള്‍ കണ്ടെത്താനും അവയിലെ ആശയങ്ങള്‍ പറഞ്ഞുതരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികള്‍ക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകള്‍ അടങ്ങിയിട്ടുള്ള റോബോട്ടിക്ക് പ്രോജക്ടാണ് ജോസഫൈന്.
വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെന്റ് ജോസഫ്സ് കോളജ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങള്‍ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകള്‍ക്കൊപ്പം പ്രായോഗിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നനിലയില്‍ ഗണിത മോഡലിംഗിന്റെയും എഐയുടെയും റോബോട്ടിക്സിന്റെയും ഇന്റര്‍ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗണിതവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു.
കോളജിലെ ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷല്‍ വിഭാഗം അധ്യാപിക അഞ്ജു പി. ഡേവീസാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്. കാലത്തിനൊത്ത് കോളജിനെയും അപ്ഡേറ്റ് ചെയ്യുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം. കോളജിലെ ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വിദ്യാര്‍ഥികളാണ് പനത്തിലൂടെ ആര്‍ജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെയെന്ന ലക്ഷ്യത്തോടെയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ജോസഫൈന് എന്നു പേരിട്ട റോബോട്ടിന്റെ ലോഞ്ചിംഗ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതു കാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാള്‍ മുന്‍ നിരയിലാണ് മനുഷ്യനിര്‍മിത മസ്തിഷ്കങ്ങള്‍ സര്‍ഗാത്മക പ്രവൃത്തിയിലടക്കം ഏര്‍പ്പെടുന്നതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പൂര്വ്വവിദ്യാര്ഥിയും പ്രോജക്ട് അഡൈ്വസറും ചീഫ് കോ ഓര്‍ഡിനേറ്ററുമായ ഡോ. ഇഷ ഫര്‍ഹ ഖുറൈഷി, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, ഐഹാബ് റോബോട്ടിക്സ് പ്രോജക്ടിന്റെ സിഒ ആദില്‍, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിന്റ ജോയ്, വിദ്യാര്‍ഥി പ്രതിനിധി വരദ എന്നിവര്‍ സംബന്ധിച്ചു.