വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025 ല്‍ പ്രധാനമന്ത്രിയോട് സംവദിക്കാന്‍ ഹരിനന്ദനനും
ഇരിങ്ങാലക്കുട: ജനുവരി 10, 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025 ഡയലോഗ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ഹരിനന്ദനും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എന്‍എസ്എസ് വളണ്ടിയറുമായ പി.എ. ഹരിനന്ദനാണ് ലീഡേഴ്സ് മീറ്റില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്.
എടക്കുളം പട്ടശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് ഹരിനന്ദന്. സംസ്ഥാനതലത്തില്‍ ഹരിനന്ദനടക്കം 39 പേര്‍ക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്നും ഈ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഏക വിദ്യാര്‍ഥിയാണ് ഹരിനന്ദന്. മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.
ഒന്നാംഘട്ടം ക്വിസ് മത്സരം, രണ്ടാംഘട്ടം ഉപന്യാസ മത്സരം, മൂന്നാംഘട്ടം സംസ്ഥാന തല വിഷന്‍ പിച്ച് ഡെസ്ക് അവതരണവും അഭിമുഖവും എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രധാനമന്ത്രിയെ കാണാനും മീറ്റില്‍ പങ്കെടുക്കാനും പോകുന്നതിന് മുമ്പെ ജനുവരി ആറിന് സംസ്ഥാനത്തെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഏഴിനാണ് സംഘം ഡല്‍ഹിയിലേക്ക് പുറപ്പെടുക.