വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, തിരുസ്വരൂപം എഴുന്നെള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിനു തിരുസ്വരൂപം എഴുന്നെള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം. ഇന്നലെ രാവിലത്തെ ദിവ്യബലിക്കു ശേഷം വീടുകളിലേക്കു അമ്പെഴുന്നെള്ളിപ്പ് നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവ കൊണ്ട് വര്‍ണാഭമാക്കിയിരുന്നു. പിണ്ടികളില് സ്ഥാപിച്ചിരുന്ന പിണ്ടിയില്‍ മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ തെളിയിച്ചും പൊട്ടിച്ചും ഭക്തിയുടെ നിറവിലാണ് വിശുദ്ധന്റെ തിരുസ്വരൂപം ഭക്തര്‍ വീടുകളിലേക്കു ആനയിച്ചത്.
കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നെള്ളിച്ച് വെക്കലിന് ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നെള്ളിച്ചു വെക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നീ തിരുകര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശന പുണ്യം പകര്‍ന്നാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റി നേര്‍ച്ച പന്തലില്‍ പ്രതിഷ്ഠിച്ചത്.
ഇരുനില വീടു തോറ്റു, ഈ പിണ്ടിയുടെ നീളം കണ്ട്
ആലപ്പാട് ഫര്‍ണീച്ചര്‍ ഗാലറി ഉയര്‍ത്തിയ പിണ്ടിക്ക് ഒന്നാം സമ്മാനം. ഉയരം 27.2 അടി
ഇരിങ്ങാലക്കുട: പിണ്ടിപെരുനാളിനായി നഗരത്തിലെത്തുന്ന ആളുകള്‍ക്കു രണ്ടുനില വീടുകളേക്കാള്‍ ഉയരത്തില്‍ നില്ക്കുന്ന വാഴപിണ്ടികള്‍ വിസ്മയമായി. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ഇത്തരത്തില്‍ അസാധാരണമാംവിധം ഉയരത്തിലുള്ള പിണ്ടികള്‍ സ്ഥാപിച്ചിരിക്കുന്നതു കാണുമ്പോള്‍ കൗതുകമേറും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപെരുന്നാളില് ഒരു മത്സരയിനമാണ് ഇത്തരത്തില്‍ ഉയരത്തിലുള്ള പിണ്ടികള്‍.
കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും ഉയരമുള്ള വാഴപിണ്ടി സ്ഥാപിക്കുന്നവര്‍ക്കു സമ്മാനമുള്ളതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒട്ടേരെ പേരാണു സജീവമായി രംഗത്തുള്ളത്. 75 ഓളം കറ്റന് വാഴകളാണ് ഇത്തവണ മത്സരത്തിനായി ഉണ്ടായിരുന്നത്. അതിരപ്പിള്ളിയുടെ താഴ്വാരങ്ങളില് നിന്നും വെറ്റിലപ്പാറ, മലക്കപ്പാറ എന്നിവടങ്ങള്‍ക്കു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാഴപിണ്ടികള്‍ കൊണ്ടുവന്നാണു കൂടുതല്‍ പേരും മത്സരിക്കുന്നത്.
കല്ലുവാഴ, അമൃതവാഹിനി, കര്പ്പൂരവള്ളി എന്നീ ഇനങ്ങളിലെ വാഴയാണു പിണ്ടിക്കായി ഉപയോഗിക്കുന്നത്. രണ്ടു വര്‍ഷത്തോളം വേണം ഈ വാഴ പൂര്‍ണ വളര്‍ച്ചയെത്താന്‍. വെള്ളവും സൂര്യപ്രകാശവും ധാരാളം ആവശ്യമുള്ള ഈ വാഴയ്ക്കു വളപ്രയോഗം അത്ര കണ്ടു ആവശ്യമില്ലെന്നു ഇത്തരത്തിലുള്ള വാഴ വളര്‍ത്തുന്നവര്‍ പറയുന്നു. പിണ്ടിപ്പെരുനാളിനു ആറു മാസം മുമ്പു വാഴത്തോട്ടങ്ങളില്‍ പോയി വാഴ കണ്ടു വെക്കും. പിന്നീട് ഇതിനു പ്രത്യേകം പരിപാലനം നടത്തിയാണു കൊണ്ടു വരിക. വലിയ വാഹനങ്ങളിലാണ് ഇത്തരം വാഴപിണ്ടികള്‍ ഇരിങ്ങാലക്കുടയില്‍ എത്തിക്കുന്നത്.
27.5 അടി ഉയരമുള്ള മെയിന്‍ റോഡില്‍ ആലപ്പാട്ട് ഫര്‍ണീച്ചര്‍ ഗാലറി എന്ന സ്ഥാപനം ഉയര്‍ത്തിയ പിണ്ടിക്കാണ് ഒന്നാം സ്ഥാനം. സിഐടിയു യൂണിയന് മാര്‍ക്കറ്റ് ഇരിങ്ങാലക്കുട ഉയര്‍ത്തിയ പിണ്ടിക്കാണ് രണ്ടാം സ്ഥാനം. കുന്നേല്‍ യേശുദാസ് ഉയര്‍ത്തിയ പിണ്ടി മൂന്നാം സ്ഥാനവും ആലപ്പാ്ട് ഫര്‍ണിച്ചര്‍ ഇരിങ്ങാലക്കുട ഉയര്‍ത്തിയ പിണ്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കു ഇന്ന് തിരുനാള്‍ ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കും.