ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം ഓവറോള്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: മലപ്പുറം, പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ മെറാക്കി എന്ന നാഷണല്‍ കോണ്‍ഫറന്‍സിലും സ്റ്റുഡന്റ്സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അസിസ്റ്റന്റ് പ്രഫസര്‍മാരായ റോസ്മോള് ഡാനി, ഡോ. കെ.ആര്. വന്ദന എന്നിവര്‍ ടീമിനെ നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചു. മാനസിക ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ പ്രതിരോധവും: തിരിച്ച് വരവും സപ്പോര്‍ട്ട് സംവിധാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.
ഇന്ത്യയിലുടനീളമുള്ള വിവിധ കോളജുകള്‍ പങ്കെടുത്ത സെമിനാറില്‍ 300 കുട്ടികള്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തീം ഡാന്‍സ്, തെരുവുനാടകം, സ്പോട് ഡാന്‍സ് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ഫോട്ടോഗ്രാഫി, എമെര്‍ജിങ് സോഷ്യല്‍ വര്‍ക്കര്‍ എന്നീ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഈ അക്കാഡമിക് വര്‍ഷത്തില്‍ രണ്ടാമത്തെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മെന്റ് നേടുന്നത്. വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിനന്ദിച്ചു.