മാകെയര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: മണപ്പുറം ഗ്രൂപ്പിന്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണപ്പുറം ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പദ്ധതി സമര്‍പ്പണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ് മുഖ്യാതിഥിയായിരുന്നു.
ഐഎംഎ പ്രതിനിധി ഡോ. ഹരീന്ദ്രനാഥ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് ഷാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് സ്വാഗതവും മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക്ക് ഇരിങ്ങാലക്കുട ബിസിനസ് ഹെഡ് ഐ. ജെറോം നന്ദിയും പറഞ്ഞു.
പാമ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് വിതരണം ചെയ്തു. ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ് ചികിത്സാ സഹായ ധന വിതരണവും ശ്രവണ സഹായ ഉപകരണ വിതരണവും നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക്കില്‍ ഡോക്ടേഴ്സ് ക്ലിനിക്ക്, ആയുര്‍വേദം, ഹോമിയോപ്പതി, യോഗ, യൂനാനി, ഫിസിയോ തെറാപ്പി, എക്സറേ, ഇസിജി, പിഎഫ്ടി, അള്‍ട്രാ സൗണ്ട് സ്കാന്‍, ഡെന്റല്‍ ക്ലിനിക്, ഐ ക്ലിനിക്ക്, ഫാര്‍മസി, ലാബ് ഹോം കളക്ഷന്‍, മെഡിസിന് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.