75 ബാച്ചുകളുടെ മഹാസംഗമത്തിന് വേദിയൊരുക്കി തുമ്പൂര്‍ ഹൈസ്കൂള്‍
ഇരിങ്ങാലക്കുട: 1949 മുതല്‍ 20, 24 വരെയുള്ള എസ്എസ്എല്‍സി ബാച്ചുകളുടെ മഹാ സംഗമം ഒരു വട്ടംകൂടി 2024ന് തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ വേദിയായി. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന എല്‍പി, യുപി, ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാ സംഗമം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. രാവിലെ റിട്ട. സബ് ഇന്‍സ്പക്ടറും 62 ബാച്ച് വിദ്യാര്‍ഥിയുമായിരുന്ന സി.ടി. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള അസംബ്ലിയോടെയാണ് സംഗമ വേദി ഉണര്‍ന്നത്. തുടര്‍ന്ന് ഇരുന്നൂറോളം പൂര്‍വ വിദ്യാര്‍ഥികള്‍ അണിനിരന്ന മെഗാതിരുവാതിര അരങ്ങേറി.
പൂര്‍വ വിദ്യാര്‍ഥികളുടെ കഥാസമാഹാരം കുന്നിമണികള്‍, ഇ.ഡി. അഗസ്റ്റിന്റെ അഗസ്റ്റ്യപുരാണം, ജോണ്സണ് ജേക്കബിന്റെ കുപ്രസിദ്ധ കുസൃതി കൊച്ചാപ്പിയും പിന്നെ ഞാനും സന്ധ്യ ധര്‍മന്റെ വനശലഭങ്ങള്‍ എന്നിവ മുന്‍ ഹെഡ്മാസ്റ്റര് കെ.വി. ഡേവീസ്, കാര്‍ഡിയോളജിസ്റ്റ് സി. ബിനോയ്, റിട്ട എസ്പി ആര്.കെ. ജയരാജ്, തുമ്പൂര്‍ ലോഹിതാക്ഷന് എന്നിവര്‍ പ്രകാശനം ചെയ്തു. 1949 മുതല്‍ 2024 വരെയുള്ള സ്കൂള്‍ ടോപ്പര്‍ മാര്‍ക്കും പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ ബാച്ചുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുവട്ടം കൂടിയുടെ മൊമെന്റോ സമ്മാനിച്ചു. തുടര്‍ന്ന് നടന്ന പാട്ടുകൂട്ടത്തിന്റെ ഗാനവിസ്മയത്തിനു ശേഷം നാലു മണിക്ക് കൂട്ടമണിയോടെ ആദ്യഘട്ടം സമാപിച്ചു.
വൈകീട്ട് അഞ്ചുമണിക്കാരംഭിച്ച സ്നേഹസന്ധ്യ പൂര്‍വ വിദ്യാര്‍ഥിയും അന്താരാഷ്ട്ര പ്രസിദ്ധ കാര്‍ഡിയോ സര്‍ജനുമായ സി. ബിനോയ് ഉദ്ഘാടനം ചെയ്തു. 1949 ബാച്ചിലെ വിദ്യാര്‍ഥി കെ.ജെ. പോള്‍ മറ്റു പൂര്‍വ വിദ്യാര്‍ഥികളായ എഴുത്തുകാരന് തൂമ്പൂര്‍ ലോഹിതാക്ഷന്, മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എം.സി. വത്സന്, ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്, റിട്ട. എസ്പി ആര്.കെ. ജയരാജന്, സെബിള്‍ ജോര്‍ജ്, അഭി തുമ്പൂര്‍, 2024 ബാച്ച് വിദ്യാര്‍ഥിനി സാധിക സുധീര്‍, പ്രധാനാധ്യാപകരായ സെനിത്ത്, റീന, സിസ്റ്റര്‍ റോസ്ലിറ്റ് എന്നിവര്‍ ആശംസ നേര്‍ന്നു. ഒരുവട്ടം കൂടിയുടെ ചെയര്മാന് സി.വി. ബാലകൃഷ്ണന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫ. പി.കെ. പ്രസന്ന സ്വാഗതവും കെ.കെ. രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു. 75 ബാച്ചുകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ചിരാതുകളില്‍ സന്ധ്യാ ദീപം തെളിയിച്ചു. തദവസരത്തില്‍ സംഘാടകര്‍ ഒന്നടങ്കം എണീറ്ു നിന്ന് മൊബൈല്‍ ഫ്ലാഷ് മിന്നിച്ചു. തുടര്‍ന്ന് തൃശൂര്‍ ഗാലക്സി മെഗാഷോ അവതരിപ്പിച്ചു. പിന്നീടു നടന്ന വര്‍ണമഴയോടെ മഹാസംഗമത്തിന് തിരശീല വീണു.