കാട്ടൂര്‍ക്ക് പോണോ, കരാഞ്ചിറയിലെ കുഴികള്‍ ചാടണം
കരാഞ്ചിറ വലിയപാലത്തിലെ ദുരിതയാത്രയ്ക്ക് നേരേ മുഖംതിരിച്ച് അധികൃതര്‍
കാട്ടൂര്‍: ഗ്രാമപ്പഞ്ചായത്തിലേക്ക് നേരിട്ടു പ്രവേശിക്കാനുള്ള പ്രധാന രണ്ടു പാലങ്ങളിലൊന്നായ കരാഞ്ചിറ വലിയപാലത്തിനു സമീപം റോഡ് തകര്‍ന്നു കിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഏകദേശം നൂറുമീറ്റര്‍ ഭാഗത്താണ് റോഡിന്റെ ഇരുവശങ്ങളും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കുഴി ഒഴിവാക്കി ഇരുചക്ര വാഹങ്ങള്ക്കുപോലും സഞ്ചരിക്കാന്‍ സാധ്യമല്ല.
ഈ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറഞ്ഞു. തൃശ്ശൂര്‍, തൃപ്രയാര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത് ഈ പാലം വഴിയാണ്. പഞ്ചായത്തിലെ പ്രധാനപാതയായിട്ടും അധികാരികള്‍ ഈ പ്രശ്നത്തോട് മുഖംതിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിനുസമീപമുള്ള കാട്ടൂര്‍ കരുവന്നൂര്‍ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ടാറിടല്‍ പൂര്‍ത്തിയാക്കി. കരാഞ്ചിറ വലിയപാലം റോഡിലെ കുഴികളടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാട്ടൂര്‍ കരുവന്നൂര്‍ റോഡിന്റെ ഭാഗമല്ലായെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് ആരുടേതാണെന്നു നിശ്ചയമില്ലെന്നും പൊതുമരാമത്തും ഇറിഗേഷനുമെല്ലാം കൈയൊഴിഞ്ഞതായും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കരാഞ്ചിറ വലിയപാലം വഴിയിലെ തകര്‍ന്നുകിടക്കുന്ന റോഡിലെ വലിയ കുഴികളടച്ച് യാത്ര സുഗമമാക്കണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത്, പഞ്ചായത്ത് അംഗം ഇ.എല്‍. ജോസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.