സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇടപെടലില്‍ വയോധികന് സദാനന്ദന് സംരക്ഷണമൊരുങ്ങി
ഇരിങ്ങാലക്കുട: നഗരസഭയിലെ ഏഴാംവാര്‍ഡിലെ വാരിക്കാട്ട്വീട്ടില് സദാനന്ദന് മന്ത്രി ആര്. ബിന്ദുവിന്റെ അടിയന്തര ഇടപെടലില്‍ സംരക്ഷണമൊരുങ്ങി. വയോധികനായ സദാനന്ദന്(68) പ്രായത്തിന്റെ അവശതയാലും സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു. വിഷയം ലോട്ടറി തൊഴിലാളി യൂണിയന് ഏരിയാസെക്രട്ടറി ഷാജി മന്ത്രി ബിന്ദുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഒറ്റപ്പെട്ട വയോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയുംവേഗം ഉറപ്പാക്കാന്‍ മന്ത്രി തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന്റെ നിര്‍ദേശപ്രകാരം ഓര്‍ഫനേജ് കൗണ്‍സിലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സദാനന്ദന് വിവാഹിതനും മൂന്നു പെണ്‍കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ 23 വര്‍ഷമായി സദാനന്ദന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. തന്റെ ഇടതുകൈയ്ക്കും ഇടതുകാലിനും തളര്ച്ചവന്നതോടെ ജോലിക്കുപോവാനോ സ്വയം കാര്യങ്ങള്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലായി. കുടുംബപ്രശ്നങ്ങള്‍മൂലം വീടുവിട്ടിറങ്ങിയ സദാനന്ദന് ബന്ധുവീട്ടിലേക്ക് താമസംമാറുകയായിരുന്നു.
എന്നാല്‍ അവിടെയും രണ്ടു പ്രായമായവര്മാത്രം ഉള്ളതിനാലാണ് തനിക്ക് സംരക്ഷണം ഒരുക്കണം എന്നറിയിച്ചത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ സാമൂഹ്യനീതിവകുപ്പ് സദാനന്ദനെ കോട്ടപ്പടിയിലുള്ള അഭയഭവന് എന്ന സ്ഥാപനത്തില്‍ സൗകര്യമൊരുക്കി. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അബിഷ്, കുറുപ്പംറോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജയകുമാര്‍, ബന്ധു രവീന്ദ്രന് ബന്ധു, സിപിഎം ലോക്കല്‍ സെക്രട്ടറി ജീവന് ലാല്‍ എന്നിവര്‍ചേര്‍ന്ന് സദാനന്ദനെ അഭയഭവന് സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചു.