വിസ തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: വിദേശരാജ്യങ്ങളില്‍ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന കാറളം കിഴുത്താണി സ്വദേശി ചെമ്പിപ്പറമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (53) അറസ്റ്റില്‍. അഗ്നീറ എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഹംഗറി, യുകെ പോലുള്ള രാജ്യങ്ങളില്‍ പാക്കിംഗ് ജോലികള്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആണ് സുനില്‍കുമാറും ഭാര്യ നിഷാ സുനില്‍കുമാറും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. ഒളിവില്‍ പോയ പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഇന്‍സ്പെക്ടര്‍ അനിഷ് കരീം, എസ്ഐമാരായ ക്ലീറ്റസ്, ശ്രീധരന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഹുല്‍ അമ്പാടന്‍, വിജോഷ്, സതീഷ് അവിട്ടത്തൂര്‍, സി.എം. അഭിലാഷ് എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.