ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടില് തീപ്പിടുത്തം; ഹാളിലെ ഫര്ണീച്ചര് ഉള്പ്പടെ എല്ലാം കത്തി നശിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടില് തീപ്പിടുത്തം. പ്രഭ സൗണ്ട് ആന്ഡ് ഇലക്ട്രിക്കല്സ് ഉടമ അമ്പാടി ജയന്റെ വീട്ടില് ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടില് ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയില് വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തില് താന് തൊഴാന് പോയിരിക്കുകയായിരുന്നുവെന്നും വീട്ടില് നിന്നും പുക ഉയരുന്നതായി കണ്ടവര് വിളിച്ചപ്പോള് തിരിച്ച് എത്തുകയായിരുന്നുവെന്നും ജയന് പറഞ്ഞു. മറ്റ് കുടുംബാംഗങ്ങള് കഴിഞ്ഞ ആഴ്ച ബാംഗ്ലൂര് പോയിരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്ന്ന് സ്ഥലത്ത് എത്തിയ ഇരിങ്ങാലക്കുടയില് നിന്നുള്ള ഫയര് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. താഴത്തെ ഹാളിലുള്ള ഫര്ണിച്ചര്, ഷെല്ഫുകള്, ടിവി, ഇന്വെര്ട്ടര് അടക്കമുള്ള എല്ലാം കത്തി നശിച്ചിട്ടുണ്ട്. വീടിന്റെ സീലിംഗിനും ചുമരുകള്ക്കും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. വിളക്കില് നിന്ന് തീ പടര്ന്നതാണ് അപകടകാരണമെന്ന് ഫയര് സ്റ്റേഷന് അധികൃതര് പറഞ്ഞു. ഇരുപത് മിനിറ്റ് നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത്. സ്റ്റേഷന് ഓഫീസര് കെ.എസ്. ഡിബിന് രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേത്യത്വം നല്കി.