ആധുനിക ജനാധിപത്യ സമൂഹത്തിനായ് പ്രവര്‍ത്തിക്കണം: പുന്നല ശ്രീകുമാര്‍

കെപിഎംഎസ് സ്ഥാപക നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആധുനിക ജനാധിപത്യസമൂഹം കെട്ടിപ്പെടുക്കുവാന്‍ നമ്മുക്ക് കഴിയണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെപിഎംഎസ് സ്ഥാപക നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിനു യോചിക്കാന്‍ കഴിയാത്ത പ്രതിലോമകരമായ പല പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുകയാണ്. നവോത്ഥാന പാരമ്പര്യമുള്ള നാട് കാത്ത് സൂക്ഷിക്കുന്ന മാനവിക മൂല്യങ്ങളെ സംരക്ഷിക്കാനും ജീര്‍ണ്ണതകളെ പ്രതിരോധിക്കാനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി പി.വി. ബാബു, വൈസ് പ്രസിഡന്റുമാരായ പി.എന്‍. സുരന്, രമ പ്രതാപന്, സെക്രട്ടറിയേറ്റ് അംഗം ടി.എ. വേണു, പി.സി. രഘു തുടങ്ങിയവര്‍ സംസാരിച്ചു.