പാപ്പയുടെ സ്നേഹ ചുംബനത്താൽ ഫെര്‍ണാണ്ടോ, സ്നേഹ സ്പര്‍ശനത്താൽ സഹോദരി ട്രെയ്സിലിൻ

ഫ്രാന്‍സീസ് പാപ്പ ഇരിങ്ങാലക്കുട സ്വദേശി ഫെര്‍ണാണ്ടോയെ ആശ്ലേഷിക്കുന്നു.
ഇരിങ്ങാലക്കുട: ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കു കവിളില്‍ മുത്തം നല്കിയപ്പോള് ഇരിങ്ങാലക്കുട സ്വദേശി ഫെര്‍ണാണ്ടോയുടെ പ്രായം രണ്ടു വയസ്. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കോനിക്കര വീട്ടില്‍ ബിജുവിന്റെയും സിമിയുടെയും മകനാണ് ഫെര്‍ണാണ്ടോ. 2018 മാര്‍ച്ച് ഏഴിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനില്‍ വച്ച് പരിശുദ്ധ പിതാവിനെ കാണാനും അനുഗ്രഹാശിസുകള്‍ വാങ്ങാനും കവിളില്‍ മുത്തം നല്‍കാനും ഭാഗ്യം ലഭിച്ചത്. പാപ്പ ഏറെ വാല്‍സല്യത്തോടെ താലോലിച്ചിരുന്നതായി മാതാപിതാക്കള്‍ ഓര്‍ക്കുന്നു. ഈ മാസം 21 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഫെര്‍ണാണ്ടോയുടെ ആദ്യകുര്‍ബാന സ്വീകരണമായിരുന്നു. അതും മാര്‍പാപ്പ കാലം ചെയ്ത ദിവസം. ഫെര്‍ണാണ്ടോയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയവര്‍ക്ക് നല്‍കിയത് മാര്‍പ്പാപ്പ തന്നെ ആശ്ലേഷിക്കുന്ന ചിത്രമുള്ള കാര്‍ഡായിരുന്നു.

ആദ്യകുര്‍ബാന സ്വീകരണത്തിലെ ചടങ്ങുകള്‍ പള്ളിയില്‍ സമാപിച്ചശേഷമാണ് മാര്‍പ്പാപ്പയുടെ വിയോഗ വാര്‍ത്ത അറിഞ്ഞത്. ആദ്യകുര്‍ബാന സ്വീകരണത്തിന് അനുഗ്രഹപത്രവും മാര്‍പ്പാപ്പയില്‍ നിന്നും ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫെര്‍ണാണ്ടോ. സഹോദരി ട്രെയ്സിലിനും ഫ്രാന്‍സീസ് പാപ്പായുടെ അനുഗ്രഹാശിസുകള്‍ ലഭിച്ചിട്ടുണ്ട്. 2013 ഡിസംബര്‍ 18 ന് വത്തിക്കാനില്‍ വച്ചാണ് പരിശുദ്ധ പിതാവില്‍ നിന്നും അനുഗ്രഹാശിസുകള്‍ വാങ്ങുവാന്‍ സാധിച്ചത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ പത്താം ക്ലാസുകാരിയാണ് ട്രെയ്സിലിന്. ആ അനുഗ്രഹീത നിമിഷങ്ങള്‍ ഇന്നും മനസില്‍ ഒളിമങ്ങാതെ സൂക്ഷിച്ചിരിക്കുകയാണ് ഈ സഹോദരങ്ങളും കുടുംബവും. ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ് ബിജു കോനിക്കര. മാര്‍പ്പാപ്പയുടെ വിയോഗമറിഞ്ഞതോടെ അവധിയെല്ലാം വെട്ടിച്ചുരുക്കി ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇന്നു പുലര്‍ച്ചെ റോമിലേക്ക് യാത്ര തിരിച്ചു. ബിജുവിനൊപ്പം ഭാര്യ സിമിയും മക്കളായ ട്രെയ്സിലിനും ഫെര്‍ണാണ്ടോയും രണ്ടു വയസുക്കാരി ജുസെപ്പീനയും ഒപ്പമുണ്ട്. പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ സാക്ഷിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
