നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സ്കൂള്‍ കെട്ടിടം ഓര്‍മയാവുന്നു
നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സ്കൂള്‍ കെട്ടിടം ഓര്‍മയാവുന്നു
ഉയരുന്നത് ആധുനിക സൗകര്യങ്ങളുള്ള ഇരുനില കെട്ടിടം
കോണത്തുക്കുന്ന്: കോണത്തുകുന്ന് ഗവ. യുപി സ്കൂളിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന പഴയ കെട്ടിടം പൊളിക്കുന്നു. അഞ്ചു തലമുറകള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഴയ സ്കൂള്‍ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇനി പുതിയ കോണ്‍ക്രീറ്റ് കെട്ടിടം ഉയരും. 1913 ല്‍ പ്രൈമറി സ്കൂള്‍ കരൂപ്പടന്ന എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം പരേതനായ കിഴക്കേ പാലയ്ക്കാത്ത് രാവുണ്ണിമേനോന് സംഭാവന ചെയ്ത സ്ഥലത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് സ്കൂളിന്റെ പേര് എംഎസ് വെള്ളാങ്കല്ലൂര്‍, പിഎസ് വെള്ളാങ്കല്ലൂര്‍, ജിയുപിഎസ് വെള്ളാങ്കല്ലൂര്‍ എന്നിങ്ങനെ മാറിയാണു കോണത്തുകുന്ന് ഗവ. യുപി സ്കൂള്‍ എന്നായിത്തീര്‍ന്നത്. കൊച്ചി മഹാരാജ്യത്തിന്റെ വിദ്യാഭ്യാസ മേലധ്യക്ഷനായിരുന്ന മത്തായിയുടെ കാലത്താണു 10 മുറികളോടു കൂടിയ സ്ഥിരം കെട്ടിടം പണിയാന്‍ അനുവാദം ലഭിച്ചത്. മുടവന്കാട്ടില് മൊയ്തീന്‍കുട്ടിയുടെ മകന് ഹൈദ്രോസായിരുന്നു ആദ്യ വിദ്യാര്‍ഥി. സി.എച്ച്. മൊയ്തീന്‍കുട്ടി (ഹെഡ്മാസ്റ്റര്), കെ. നാരായണമേനോന് (അധ്യാപകന്), വി. കുഞ്ഞന്നായര് (മാസപ്പടി) എന്നിവരായിരുന്നു ആദ്യത്തെ ജീവനക്കാര്‍. 1962-63 ലാണു യുപി സ്കൂളായി ഉയര്‍ത്തിയത്. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ക്ക് പ്ലേറ്റുകള്‍, ഉച്ചഭക്ഷണത്തില്‍ പ്രാദേശിക സഹകരണത്തോടെ കൂടുതല്‍ വിഭവങ്ങള്‍, മാതൃകാപരമായ രീതിയില്‍ സഞ്ചയികാ പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ഹെഡ്മിസ്ട്രസ് പി. വൃന്ദ പറഞ്ഞു. 2016 ല്‍ അഞ്ഞൂറില്‍ താഴെ കുട്ടികളാണു ഉണ്ടായിരുന്നത്. ഇപ്പോള്‍ 861 വിദ്യാര്‍ഥികളുണ്ട്. ഇതില്‍ എല്‍പി, യുപി വിഭാഗങ്ങളിലായി 700 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തില്‍ 161 കുട്ടികളും പഠിക്കുന്നു. എട്ട് പ്രീപ്രൈമറി അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 36 ജീവനക്കാരും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എം.എസ്. രഘുനാഥിന്റെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയും എ.ആര്. രാമദാസിന്റെ നേതൃത്വത്തിലുള്ള പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഘടനയായ നെല്ലിമുറ്റവും മറ്റു പൂര്‍വവിദ്യാര്‍ഥികളും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായകമാകുന്നുണ്ട്. കെട്ടിടനിര്‍മാണത്തിനു 2.28 കോടി അനുവദിച്ചതായി വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തീരദേശ വികസന കോര്‍പ്പറേഷന്റെ കിഫ്ബി ഫണ്ടില്‍ നിന്നുള്ള 2.28 കോടി രൂപ ഉപയോഗിച്ചാണു നിര്‍മാണം. വിദ്യാര്‍ഥികളും ഡിവിഷനുകളും വര്‍ധിച്ചതോടെ കൂടുതല്‍ ക്ലാസ്മുറികളും സൗകര്യങ്ങളും ആവശ്യമായ ഘട്ടത്തിലാണു ഫണ്ട് അനുവദിച്ചത്. പഴയ ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവ പൊളിച്ചുമാറ്റി രണ്ടുനിലകളിലായി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികളോടു കൂടിയ കെട്ടിടം നിര്‍മിക്കുമെന്ന് എംഎല്‍എ പറഞ്ഞു.