കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങള്‍; അവിട്ടത്തൂരില്‍ വാഹനങ്ങള്‍ തകര്‍ന്നു

ജില്ലാ പോലീസ് മേധാവിയുടെ വീട്ടിലെ കാര്‍ഷെഡിനു മുകളിലേക്ക് മരം വീണ നിലയില്‍.
ഇരിങ്ങാലക്കുട: കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങള്‍; ഇന്നലെ ഉച്ചതിരിഞ്ഞ് വീശിയടിച്ച കാറ്റില്‍ അവിട്ടത്തൂരില്‍ കനത്ത നാശനഷ്ടം. ജില്ലാ പോലീസ് സൂപ്രണ്ടിന്റേതടക്കം കാറുകള്‍ തകര്‍ന്നു. കോക്കാട്ട് വീട്ടില്‍ രാജുവിന്റെ വീട്ടിലെ രണ്ടു കാറുകളുടെ മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു. രണ്ടു കാറുകളും തകര്‍ന്നു. ജില്ലാ പോലീസ് മേധാവി താമസിക്കുന്ന വീട്ടില്‍ കാര്‍ ഷെഡിനു മുകളിലേക്ക് മരം വീണ് ഷെഡ് തകര്‍ന്നു. ഷെഡിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

അവിട്ടത്തൂര്‍ സെന്ററില്‍ കെട്ടിടത്തിനു മുകളിലെ കൂറ്റന്‍ ഫഌ്സ് ബോര്‍ഡ് ചാഞ്ഞു. അപകടകരമായ അവസ്ഥയിലാണ് ഈ ബോര്‍ഡ് ഇപ്പോള്‍ നില്‍ക്കുന്നത്. മൂന്നു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ കൂത്തുപറമ്പില്‍ അമ്മപറമ്പില്‍ രാജേഷിന്റെ മതില് തകര്‍ന്ന് അയല്‍വാസിയായ സുബ്രമണ്യന്റെ കിണറ്റിലേക്ക് വീണ് കിണര്‍ ഉപയോഗശൂന്യമായിട്ടുണ്ട്. കാറ്റില്‍ പ്ലാവ് വീണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ കൊരുമ്പിശ്ശേരി പാറ ഭാഗത്ത് 11 കെവി ലൈന്‍ തകര്‍ന്ന് വൈദ്യുതി വിതരണം മുടങ്ങി. പതിനഞ്ചോളം കേന്ദ്രങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു.
