ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനത്തെ തളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്: കെ. പ്രകാശ് ബാബു

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എടതിരിഞ്ഞിയില്‍ നടന്ന പാര്‍ട്ടി ജന്മശതാബ്ദി ആഘോഷ സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാം കക്ഷിയായിരുന്ന, പ്രതിപക്ഷ നേതൃസ്ഥാനം പോലും വഹിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ച്ചയെ തളര്‍ത്തിയത് 64 ലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എടതിരിഞ്ഞിയില്‍ നടന്ന പാര്‍ട്ടി ജന്മശതാബ്ദി ആഘോഷ സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1952 എകെജിയും 1957 ല്‍ എസ്എ ഡാങ്കെയും 1962 ല്‍ വീണ്ടും എകെജി പ്രതിപക്ഷ നേതാക്കളായി തെരഞ്ഞെടുക്കത്തക്ക വിധത്തില്‍ ബഹുജന സ്വാധിനവും വളര്‍ച്ചയും നേടി മുന്നേറിയ പ്രസ്ഥാനത്തെ തളര്‍ത്തിയത് പാര്‍ട്ടിയിലെ പിളര്‍പ്പാണ്. പിളര്‍പ്പിനു ശേഷം 1967 ല്‍ നടന്ന തെരഞ്ഞടുപ്പില്‍ സ്വതന്ത പാര്‍ട്ടിയുടെയും ജനസംഘത്തിന്റെയും സംയുക്ത പ്രതിനിധിയായ രാജഗോപാലാചാരിയാണ് പ്രതിപക്ഷ നേതാവായത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ക്ഷീണത്തെ മുതലെടുത്തത് ഹിന്ദുത്വ ശക്തികളാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, മണ്ഡലം അസി: സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, എഐഡി ആര്‍എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ വി.ആര്. രമേഷ് സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ ടി.വി. വിബിന് നന്ദിയും പറഞ്ഞു.