ലഹരിവിമുക്ത കലാലയങ്ങള്‍, അപകടരഹിത അധ്യയന വര്‍ഷം

തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ പ്ലേ സ്കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവലോകന യോഗത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സംസാരിക്കുന്നു.
സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: സ്കൂള്‍ പ്രവേശനം സുഗമമായും സുരക്ഷിതമായും നടക്കുന്നതിനും ക്രമസമാധാനപ്രശ്നങ്ങളോ, അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഓരോ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ പ്ലേ സ്കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, മാള, ചേര്‍പ്പ്, അന്തിക്കാട്, ആളൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും ഇരിങ്ങാലക്കുട സബ് ഡിവിഷന് പരിധിയിലെ 158 സ്കൂളുകളില്‍ നിന്നായി 400 ഓളം പേരും പങ്കെടുത്തു.
വിദ്യാലയ സുരക്ഷയുടെ നോഡല്‍ ഓഫീസറായ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിന് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുട്ടികളുടെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ തടയുന്നതിനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍, കുട്ടികളിലേയും യുവാക്കളിലേയും മയക്കുമരുന്ന് ഉപയോഗം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കുട്ടികളുടെ മാനസികവെല്ലുവിളികളെ തിരിച്ചറിഞ്ഞ് ഇടപെടേണ്ടതും ചതിക്കുഴികളിലേയ്ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്കും വ്യാപൃതരാകാതെ പ്രത്യേക ശ്രദ്ധയോടെ വഴിതെറ്റിപോകുന്നവര്ക്ക് തിരിച്ചറിവ് നല്‍കുന്നതിനുള്ള നടപടികള്‍ അധ്യാപകര്‍ കൈകൊള്ളണമെന്ന് തീരുമാനിച്ചു. പ്രധാന അധ്യാപകന് ചെയര്‍മാനായി, പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് കണ്‍വീനറായി, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ആരംഭിക്കും. പ്രവേശനോത്സവം നടക്കുന്നതിന് മുമ്പ് തന്നെ എല്ലാ വിദ്യാലയങ്ങളും എസ്എച്ച്ഒമാര്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങങള്ക്കും കൂടാതെ വിദ്യാര്‍ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ഉണ്ടെന്നും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ വിദ്യാലയങ്ങളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ല എന്നും തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് പോലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.