കത്തിച്ചു വെച്ച ഒരു നിലവിളക്കു മാത്രം, പുരാണ കഥകളെ അടിസ്ഥാനമാക്കി രചിച്ച ശ്ലോകങ്ങള്‍ ചൊല്ലി പടിഞ്ഞാറേ പ്രദക്ഷിണവഴിയില്‍ പാഠകം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്ത് എല്ലാദിവസവും പടിഞ്ഞാറേ പ്രദക്ഷിണവഴിയില്‍ പാഠകം കാണാന്‍ നിരവധിപേര്‍ എത്തുന്നു. പരമ്പരാഗതമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അവകാശികളുടെ കുടുംബമായ വില്ലുട്ടത്ത് നമ്പ്യാര്‍ കുടുംബത്തിലെ അംഗമായ ശ്രീരാജ് നമ്പ്യാരാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി എല്ലാ ദിവസവും പാഠകാവകണം നടത്തുന്നത്. വൈകിട്ട് 6.30 മുതല്‍ 7.30 വരെ അവതരിപ്പിക്കുന്നത്. പുരാണ കഥാകഥനമാണ്പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാര്‍മാരാണ്.
വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്. കത്തിച്ചു വെച്ച ഒരു നിലവിളക്കു മാത്രം. ഇതില്‍ ഒരു നടന് മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയില്‍ ഒരു കെട്ട്, ശരീരത്തില്‍ ഭസ്മക്കുറി, മാലകള്‍, നെറ്റിയില്‍ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആള് വാഗ്മിയും നര്‍മബോധം ഉള്ള ആളുമായിരിക്കണം. കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങള്‍ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്.
വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കര്‍മ്മങ്ങളോ ഇല്ല. പാഠകം എന്ന കലാരൂപം ഉല്ഭവിച്ചത് ചാക്യാര്‍ കൂത്തില്‍ നിന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നു. പാഠകാവതരണങ്ങള്‍ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് , ചാക്യാര്‍കൂത്തില്‍ നിന്ന് വ്യത്യസ്തമായ ചമയത്തോടും ചടങ്ങുകളോടും കൂടി എന്നാല്‍ പറയുന്ന കഥകള്‍ കൂത്തിന്റേതിനു സമാനമായി, തുടക്കത്തിലെ ചടങ്ങുകള്‍ക്ക് ചെറിയ വ്യത്യാസത്തോടു കൂടി ഇന്നും തുടര്‍ന്നു വരുന്നു.
പാഠകകലാകാരന്‍ ചാക്യാര്‍കൂത്തിലെപ്പോലെ തന്നെ ചിലപ്പോള്‍ കഥ പറയുന്ന ആളായും ചിലപ്പോള്‍ കഥാപാത്രമായും മററുചിലപ്പോള് കാണികളോടു സംഭാഷണം ചെയ്തുകൊണ്ട് അവരിലൊരാളായും മാറുന്നു. പുരാണ കഥകളെ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ചമ്പൂ പ്രബന്ധങ്ങളിലെ ശ്ലോകങ്ങള്‍ ചൊല്ലി സമകാലീന കാര്യങ്ങളും ആക്ഷേപഹാസ്യവും ഒക്കെ ചേര്‍ത്ത് ഭക്തിരസത്തില്‍ ഊന്നിയാണ് പാഠകം അവതരിപ്പിക്കുക..കാണികളെ കൂടി കഥാപാത്രങ്ങളാക്കി രസിപ്പിച്ചു കൊണ്ട് വളരെ ലളിതമായി ജനകീയമായ കലാപ്രകടനമായതിനാല് എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്..
ഇത്തവണ ഏഴുദിവസം കൊണ്ട് കിരാതം കഥയാണ് പൂര്‍ണ്ണമായി അവതരിപ്പിച്ചത്. ഒറ്റപ്പാലത്ത് താമസിക്കുന്ന ശ്രീരാജ് നമ്പ്യാര്‍ പാഠകം, ചാക്യാര്‍കൂത്ത് എന്നീ കലകള്‍ ഗുരുകുല രീതിയില്‍ മാണി ശൈലിയില്‍ അഭ്യസിച്ച കലാകാരനാണ്. തന്റെ അരങ്ങേറ്റം കഴിഞ്ഞതുമുതല്‍ എല്ലാവര്‍ഷവും കൂടല്‍മാണിക്യം ഉത്സവത്തിന് പാഠകാവതണം നടത്തിയിട്ടുണ്ട്. കേരള സര്‍ക്കാറില്‍ നിന്നും ക്ഷേത്രകലാ പുരസ്കാരവും, കലാസാഗര്‍ പുരസ്കാരവും നേടിയ ശ്രീരാജ് നമ്പ്യാര്‍ ഒറ്റപ്പാലത്ത് സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തു വരുന്നു.