തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ചൂളയില്‍ വെച്ച് കത്തിച്ച് നശിപ്പിച്ചു

തൃശൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയിലുള്ള സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കത്തിച്ച് നശിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷന് ഡി ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13.02 ഗ്രാം മെത്താംഫെറ്റാമൈന്‍, 930 ഗ്രാം ഗഞ്ച അവശിഷ്ടങ്ങള്‍ എന്നിവ വല്ലച്ചിറയിലുള്ള ഓട്ടുകമ്പനിയിലെ ചൂളയില്‍ കത്തിച്ച് നശിപ്പിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ചെയര്‍മാനായ ഡിസ്ട്രിക്ട് ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ്, ചാലക്കുടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. സജീവ്, ചേര്‍പ്പ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.