വയോധികയുടെ സ്വർണമാല കവർന്ന യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട: ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്ന കാജ ഹുസൈൻ(30)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മേയ് ഒന്നിന് വൈകിട്ട് നാലോടെ കോണത്തുകന്ന് എംഡി കണ്വെൻഷൻ സെന്ററിനു സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറന്പ് സ്വദേശി കോമള (67) യുടെ കഴുത്തിൽനിന്ന് മൂന്നു പവന്റെ ലോക്കറ്റ് സഹിതമുളള സ്വർണമാലയാണ് ഇയാൾ കവർന്നത്.
മുനന്പം പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കാജ ഹുസൈനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയൽ ഹാജരാക്കി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാൻഡ് ചെയ്തു. കാജ ഹുസൈൻ മുനന്പം, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിലെ ഓരോ തട്ടിപ്പുകേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ്സിപിഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നു.