തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
ഇരിങ്ങാലക്കുട: കാറളത്ത് വയോധികയായ സാവിത്രിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നടത്തിയത് വളരെ ആസൂത്രിത നീക്കങ്ങള്‍. സാവിത്രി ധരിച്ചിരുന്ന ആറ് വളകളും ഒരു മാലയും കവര്‍ന്ന കേസില്‍ സമീപത്ത് വാടകക്ക് താമസിക്കുന്ന തൃപ്രയാര്‍ ഈസ്റ്റ് കോടഞ്ചേരി മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത്. പ്രതിയെ മൂന്നുദിവസം കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ പിടികൂടുവാന്‍ നിര്‍ണായകമായത് മുളകുപൊടി പാക്കറ്റിലെയും കയ്യുറയിലെയും വിരലടയാളങ്ങളാണ്.
സാവിത്രിയെ അവസാനമായി വീട്ടുമുറ്റത്ത് കണ്ടത് അയല്‍വാസിയായ പ്രതിയായ മുഹമ്മദ് റാഫിയാണ്. മുറ്റമടിക്കുന്നത് കണ്ടെന്നായിരുന്നു മൊഴി. റാഫിയുടെ ഭാര്യയോട് ഭര്‍ത്താവിനെക്കുറിച്ച് പൊലിസ് ചോദിച്ചപ്പോള്‍ സാവിത്രിയുടെ വീട്ടില്‍ നിന്ന് വാങ്ങിയ വെട്ടുകത്തി മടക്കിക്കൊടുക്കാന്‍ പോയിരുന്നതായും അതിനു ശേഷം വീട്ടില്‍ എത്തി ചായ കുടിച്ച് കുളിച്ചശേഷം ബൈക്കില്‍ പുറത്തുപോയെന്നുമായുരുന്നു മറുപടി. ഉച്ചതിരിഞ്ഞ് എല്ലാ ദിവസവും കുളിക്കാറുണ്ടോ എന്ന പൊലിസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു റാഫിയുടെ ഭാര്യയുടെ മറുപടി.
ഇതോടെ സംശയിക്കുന്നവരുടെ പട്ടികയില്‍ ആദ്യ പേരുകാരന് റാഫിയായി. റാഫി ഉള്‍പ്പടെ അയല്‍വാസികളായ എട്ടു പേരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നു. സാവിത്രിയുടെ ഭര്‍ത്താവും മകനും മരുമകളും കാറില്‍ ആശുപത്രിയില്‍ പോകാനിറങ്ങുമ്പോള്‍ റാഫി വരികയും കാറിലെ വൈഫൈ ശരിയാക്കാന്‍ റാഫി സഹായിക്കുകയും ചെയ്തിരുന്നു. വിരലടയാളം ശേഖരിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ വന്നപ്പോള്‍ റാഫി ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. കൊലപാതകം നടന്ന ശേഷം മുറിയില്‍ പോയിരുന്നു.
തന്റെ വിരലടയാളം അവിടെയുണ്ടാകാന്‍ സാധ്യതയുണ്ട്. ഡോക്ടറെ കൊണ്ട് താനാണ് മുറിയില്‍ പോയത്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍. അപ്പോഴും പൊലിസിന് സംശയം ബലപ്പെട്ടു. വിരലടയാളം പതിയാതിരിക്കാന്‍ പ്രതി കയ്യുറ ധരിച്ചിരുന്നു. ഇതിന്റെ ഒരുഭാഗം സാവിത്രിയുടെ വായിലുണ്ടായിരുന്നു. കഴുത്തു ഞെരിച്ച സമയത്ത് കടിച്ചതായിരിക്കണം. ഈ കയ്യുറകള്‍ സാവിത്രിയുടെ മൃതദേഹത്തിനടിയില്‍ ഒളിപ്പിച്ചു. അതിനു ശേഷമാണ്, മുളകുപൊടി പായ്ക്കറ്റ് പൊട്ടിച്ച് മുറിയിലാകെ വിതറിയത്.
ആ പായ്ക്കറ്റ് അവിടെതന്നെ ഇട്ടിരുന്നു. ഈ പായ്ക്കറ്റില്‍ നിന്ന് വിരലയാള വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു. ഇതും റാഫിയുടെ വിരലടയാളവും ഒത്തുവന്നു. പിന്നാലെ, റാഫിയെ പൊലിസ് വിളിച്ചു. റാഫിയുടെ ടവര്‍ ലൊക്കേഷനിലെത്തി രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി. കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങളില്‍ പകുതിയോളം തൃപ്രയാറിലെ രണ്ട് ജ്വല്ലറികളിലാണ് വിറ്റത്. ഈ സ്വര്‍ണം പൊലിസ് വീണ്ടടുത്തു.
സ്വര്‍ണം വില്‍ക്കുന്ന സമയത്ത് ഒരു സ്ത്രീയും റാഫിയോടൊപ്പം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഈ പെണ് സുഹൃത്തിനെകുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രതി താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വാഹനത്തില്‍നിന്ന് പുറത്തിറക്കിയ ഇയാള്‍ക്ക് നേരെ നാട്ടുകാരുടെ രോഷം ഉണ്ടായെങ്കിലും പൊലിസ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കി തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊണ്ടുപോകുകയായിരുന്നു.
കാറളത്തെ കൊലപാതകം; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ

ഇരിങ്ങാലക്കുട: കാറളം മൃഗാശുപത്രിക്ക് പിന്നില്‍ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ (79) അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളില്‍ പിടികൂടിയ അന്വേഷണ സംഘത്തെ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു. സംഘത്തിന് നേതൃത്വം നല്കിയ റൂറല്‍ എസ്പി മുഹമ്മദ് നദീം, എഎസ്പി ടി.എസ്. സിനോജ്, ഡിവൈഎസ്പി എം.കെ. ഷാജി എന്നിവരെയാണ് എംഎല്‍എ അഭിനന്ദിച്ചത്. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പ്രതിയെ പിടികൂടിയതോടെ ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്