ദുരിതം ഈ യാത്ര, വേണം ഒരു നടപ്പാത, എന്ത് കഠിനമാണീ കയറ്റം
പാലം വന്നതോടെ വഴിയില്ലാതെ അഞ്ചു കുടുംബങ്ങള്‍: വീടുകളിലെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെയായി 27 പടികള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബങ്ങള്‍
കാക്കാത്തുരുത്തി: വീടുകളിലേക്കു വഴിയില്ലാത്തതിനാല്‍ വിഷമിക്കുകയാണു പടിയൂര്‍ പഞ്ചായത്തിലെ അഞ്ചു കുടുംബങ്ങള്‍. പോട്ടമൂന്നുപീടിക റോഡില്‍ കാക്കാത്തുരുത്തി പാലത്തിനു തെക്കുഭാഗത്തു കനോലിപുഴയുടെ തീരത്തു താമസിക്കുന്ന അഞ്ചു കുടുംബങ്ങളാണു വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ഈ കുടുംബങ്ങള്‍ 27 പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. വീടുകളില്‍ നിന്നു 50 മീറ്റര്‍ അകലെയുള്ള റോഡിലേക്കു എത്തണമെങ്കില്‍ കുത്തനെയുള്ള 27 പടി കയറണം. അതുമല്ലെങ്കില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ കിലോമീറ്ററുകളോളം ചുറ്റണം. പാറപ്പുറത്ത് അബാസ്, എരുമത്തിരുത്തി പരേതനായ ബാബുരാജിന്റെ ഭാര്യ ഗീത, എരുമത്തിരുത്തി പുരുഷോത്തമന്റെ മകള്‍ സ്നേഹപ്രഭ, മാടോനി സൗമ്യന്‍, മുട്ടുങ്ങല്‍ കെലീല് എന്നിവരാണു വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. പടിയൂര്‍ എസ്എന്‍ജിഎസ് സ്കൂള്‍ റോഡിലൂടെ വന്നു കുറ്റിലക്കടവ് നടപ്പാത വഴി സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണു ഇവര്‍ വീട്ടിലെത്തുന്നത്. 1981 വരെ ഇരിങ്ങാലക്കുടമൂന്നുപീടിക റോഡില്‍നിന്നു ഇവര്‍ക്കു വഴിയുണ്ടായിരുന്നു. എന്നാല്‍ പാലം വന്നതോടെ വഴി അടഞ്ഞു. അതുവരെ റോഡിനോടു ചേര്‍ന്ന് നിരപ്പായിരുന്ന സ്ഥലം പാലം നിര്‍മിക്കാനായി മുപ്പതടിയോളം ഉയര്‍ത്തി. ഈ കുടുംബങ്ങള്‍ക്കു റോഡിലേക്കു എത്താന്‍ കോണ്‍ക്രീറ്റ് പടികള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു. വഴി നഷ്ടപ്പെട്ട ഇവര്‍ക്കു അപ്രോച്ച് റോഡില്‍നിന്നു പൊതുമരാമത്ത് വകുപ്പ് കരിങ്കല്ലുകൊണ്ടു വഴികെട്ടികൊടുത്തെങ്കിലും ഇതിലൂടെ ഒരു സൈക്കിള്‍ പോലും ഇറക്കാനാകില്ലെന്നു അവര്‍ പറഞ്ഞു. 27 പടികളിറങ്ങി യാത്ര ചെയ്യുക വലിയ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറഞ്ഞു. മാത്രമല്ല, ഈ ഭാഗത്തു കാടുകയറി വിഷജന്തുക്കളുടെ വിഹാര കേന്ദ്രമായി. അതോടെ എന്താവശ്യത്തിനും പുറത്തുപോകാന്‍ സ്വകാര്യ വ്യക്തിയുടെ പറമ്പ് മാത്രമാണു ഇവരുടെ ആശ്രയം. പുറമ്പോക്കു ഭൂമിയിലൂടെ ഒരു ഓട്ടോ പോകുന്ന വീതിയില്‍ വഴി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്തുവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനായി വകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. റോഡ് സൗകര്യം ഒരുക്കുമെന്ന വാഗ്ദാനവും ഇതുവരെയും നടപ്പായില്ല. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ വളവു മൂലം സമാന്തര റോഡ് നിര്‍മിക്കാനും കഴിയില്ല. സമീപത്തെ സ്വകാര്യ പറമ്പുകളില്‍ നിന്നു സ്ഥലം വിട്ടു കിട്ടിയാല്‍ റോഡ് നിര്‍മിച്ചു നല്‍കാമെന്ന നിലപാടിലാണു പഞ്ചായത്ത്. എംഎല്‍എ ഫണ്ടില്‍ നിന്നോ മറ്റോ തുക അനുവദിച്ചു കിട്ടിയാല്‍ റോഡ് നിര്‍മിച്ചു നല്‍കാമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പഞ്ചായത്തോ സ്ഥലം എംഎല്‍എയോ ഇടപെടണമെന്നാണു അഞ്ചു വീട്ടുകാരുടെയും ആവശ്യം.
അബാസ് കാക്കാത്തിരുത്തി-9446763506