മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള നഗരസഭാ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുപണിയുന്നു
ഇരിങ്ങാലക്കുട: രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള നഗരസഭാ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുപണിയുന്നു. ടൗണ്‍ഹാളിന്റെ വടക്കുഭാഗത്ത് കെഎസ്ഇബി ഓഫീസിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സാണു പൊളിച്ചു പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പഠനത്തിനും സര്‍വേ നടപടികള്‍ക്കുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു നഗരസഭ ചുമതല നല്കി. സര്‍വേ നടപടികള്‍ക്കു കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒറ്റ നിലയിലുള്ള കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കി അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങും മൂന്നുനില കെട്ടിടവുമാണു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നേരത്തേ മുകുന്ദപുരം സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന നഗരസഭാ സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സ് കെട്ടിടം ഇരിക്കുന്നതടക്കമുള്ള സ്ഥലം ഉള്‍പ്പെടുത്തിയാണു കെട്ടിടം നിര്‍മിക്കുക. പാര്‍ക്കിംഗ് ഗ്രൗണ്ടിനു മുകളില്‍ ആദ്യ നിലയില്‍ കടമുറികളും അതിനു മുകളില്‍ ഓഫീസുകളും ഏറ്റവും മുകളിലത്തെ നിലയില്‍ ലോഡ്ജുമാണ് ഉദ്ദേശിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ടിനു ശേഷം ചര്‍ച്ച ചെയ്ത് ഫൈനല്‍ റിപ്പോര്‍ട്ട് തയാറാക്കുമെന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ പഴയ കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായിട്ടാണ് ഈ കെട്ടിടം പൊളിച്ചു പുനര്‍നിര്‍മിക്കുന്നത്.