കാറളത്ത് ആരോഗ്യവകുപ്പിന്റെ മിന്നല് പരിശോധന
കാറളം: ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില് ആരോഗ്യവകുപ്പ് മിന്നല് പരിശോധന നടത്തി. ഹെല്ത്ത് കാര്ഡ്, ലൈസന്സ് എന്നിവ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങള് കൈകാര്യം ചെയ്തവര്ക്കെതിരേ നോട്ടീസ് നല്കുകയും പിഴ ചുമത്തുകയും ചെയ്തു. ഹെല്ത്ത് ഇന്സ്പെക്ടര് കെ.എം. ഉമേഷ്, ജൂണിയര് ഹെല്ത്ത് ഇന്സ്പക്ടര് കെ.സി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില് നടന്ന പരിശോധനയില് പഞ്ചായത്ത് ജീവനക്കാരായ എസ്. ഗോകുല്, എം.എസ്. ശരത്ത് എന്നിവരും പങ്കെടുത്തു. തുടര്ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു മെഡിക്കല് ഓഫീസര് ഡോ. ടി.വൈ. ഫിജു അറിയിച്ചു.
ഭക്ഷ്യവിഷബാധ: സ്ഥാപനങ്ങളില് ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധന
കോണത്തുകുന്ന്: ഭക്ഷ്യവിഷബാധ റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്ന് വെള്ളാങ്കല്ലൂരില് ആരോഗ്യവിഭാഗം പ്രത്യേക പരിശോധന നടത്തി. പട്ടേപ്പാടം എസ്എന് ഹാളില് കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തില് നിന്നുമാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. രാസവസ്തുക്കള് കലര്ന്ന മത്സ്യത്തിലൂടെയാണു വിഷബാധ ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. കൂടുതല് അന്വേഷണം നടന്നു വരുന്നു. വിഷബാധ ഉണ്ടായവരില് 14 പേര് വെള്ളാങ്കല്ലൂര് പഞ്ചായത്ത് നിവാസികളാണ്. പ്രസ്തുത സാഹചര്യത്തില് കരൂപ്പടന്ന, കോണത്തുകുന്ന്, മനക്കലപ്പടി, ബ്ലോക്ക് ജംഗ്ഷന്, വെള്ളാങ്കല്ലൂര് സെന്റര് എന്നീ സ്ഥലങ്ങളിലുള്ള ഹോട്ടലുകള്, ബേക്കറികള്, കൂള്ബാറുകള്, മീന് തട്ടുകള്, പലചരക്ക് പച്ചക്കറി കടകള്, കള്ളുഷാപ്പുകള് എന്നിവയുള്പ്പെടെ 28 സ്ഥാപനങ്ങളില് പരിശോധന നടത്തി. പരിസരത്ത് കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കല്, പഴകിയ എണ്ണയുടെ ഉപയോഗം, കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണസാധനങ്ങള് വില്പന നടത്തല്, വൃത്തിഹീനമായ സാഹചര്യത്തില് സ്ഥാപനം പ്രവര്ത്തിക്കല്, ജീവനക്കാര് മെഡിക്കല് ഫിറ്റ്നസ് ഇല്ലാതെ ജോലി ചെയ്യുക എന്നീ ക്രമക്കേടുകള് കണ്ടെത്തി. ക്രമക്കേടുകള് കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങള്ക്കു നോട്ടീസ് നല്കുകയും 6500 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്കു വെള്ളാങ്കല്ലൂര് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്ത്ത് ഇന്സ്പെക്ടര് എ.എ. അനില്കുമാര് നേതൃത്വം നല്കി. ജൂണിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ എസ്. ശരത്കുമാര്, എം.എം. മദീന, എ.എം. രാജേഷ്കുമാര് എന്നിവര് പങ്കെടുത്തു.