ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷക സംഘം അപൂര്‍വ ഇനം ശൂലവലചിറകനെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആര്‍എല്‍) ഗവേഷക സംഘം വലചിറകന്‍ വിഭാഗത്തിലെ അപൂര്‍വയിനം ശൂലവലചിറകനെ കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടില്‍ നിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ നിന്ന് ആദ്യമായിട്ടാണ് ‘സ്പൈലോസ്മൈലസ് ട്യൂബര്‍കുലാറ്റസ്’ എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ റിപ്പോര്‍ട്ട് കൂടാതെ, ബാലാഘട്ട് (മധ്യപ്രദേശ്), ആസാം, ആന്‍ഡമാന്‍ ദ്വീപുകള്‍, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും സ്പിലോസ്മൈലസ് ട്യൂബര്കുലേറ്റസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.