പട്ടാപകല്‍ വീട്ടമ്മയുടെ കൊലപാതകം…പ്രതികള്‍ കാണാമറയത്ത്…
കൊലയ്ക്കു പിന്നില്‍ പ്രഫണല്‍ മോഷ്ടാക്കള്‍ ആവില്ലെന്ന് മോഷ്ടാക്കള്‍—–
അവസാന ലാപ്പില്‍ പോലീസ്——-
ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 2019 നവംബര്‍14നു വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്ത് കയറിനോക്കിയപ്പോഴാണ് ഡ്രോയിങ് മുറിക്കടുത്തുള്ള മുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ആനീസിനെ കണ്ടത്.
പ്രഫഷണല്‍ മോഷ്ടാക്കളുടെ നിഗമനം
റോഷന് ആന്‍ഡ്രൂസിന്റെ മുംബൈ പോലീസ് എന്ന സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രമായ ആര്യന് ജോണ്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവഴിയില്‍ പൃഥ്വിരാജിന്റെ ആന്റണി മോസസ് എന്ന കഥാപാത്രം ഒരു ഷാര്‍പ്പ് ഷൂട്ടറോട് അവരുടെ പ്രവര്‍ത്തന രീതി എങ്ങിനെയാണെന്ന് ചോദിക്കുന്നുണ്ട്.
ആ രംഗത്തില്‍ ഷൂട്ടര്‍ പറയുന്ന കാര്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്ണായകമാകുന്നുമുണ്ട്. ആനീസ് കൊലക്കേസിലും ഇത്തരം ഒരു സിറ്റുവേഷനുണ്ടായി. അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ മോഷ്ടാക്കളുടെ രീതികളെ കുറിച്ചറിയാന്‍ പോലീസ് നടത്തിയ അന്വേഷണമായിരുന്നു അത്. മോഷ്ടാവിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് കളത്തിലുള്ള മോഷ്ടാക്കള്‍ക്ക് അത്ഭുതമാണുള്ളത്.
ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണ് ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രഫഷണല്‍ മോഷ്ടാക്കള്‍ ഇതിനു പിന്നിലുണ്ടാകാന്‍ സാധ്യത കുറവാണെന്നും പോലീസിന്റെ ചോദ്യം ചെയ്യലുകളില്‍ പല മോഷ്ടാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ അല്പം കാര്യമുണ്ടെന്നു തന്നെയാണ് പോലീസിന്റെയും നിഗമനം. മാത്രമല്ല വളരെ എളുപ്പത്തില്‍ എടുത്തുകൊണ്ടുപോകാവുന്ന പണ്ടവും പണവും വേണ്ടെന്നുവച്ച് കയ്യില്‍ മുറുകി കിടക്കുന്ന വള മോഷ്ടിക്കുന്ന രീതിയും പ്രഫഷണല്‍ മോഷ്ടാക്കള്‍ക്ക് ഉണ്ടാവില്ലെന്നും കിട്ടിയ സമയം കൊണ്ട് വീടു കാലിയാക്കുന്ന രീതിയാണ് പൊതുവേയെന്നും മോഷ്ടാക്കള്‍ വിശദീകരിക്കുന്നു.
അജ്ഞാത കൊലപാതകിയെ തേടി പോലീസ് അവസാന ലാപ്പില്‍
അജ്ഞാത കൊലപാതകിയും പോലീസും തമ്മിലുള്ള ഒളിച്ചുകളിയുടെ അവസാന ലാപ്പാണിപ്പോള് നടക്കുന്നത്. എട്ടു മാസവും മികച്ച രീതിയിലുള്ള അന്വേഷണമാണ് ലോക്കല്‍ പോലീസ് നടത്തിയതെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. ശാസ്ത്രീയ രീതിയിലുള്ള കുറ്റാന്വേഷണത്തില്‍ വരുന്ന കാലതാമസം ഇവിടെയുമുണ്ടായി.
കൊലനടന്ന വീടിന്റെ 4 ദിശകളിലെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ വരുന്ന വീടുകളില്‍ പോലീസ് എത്തി വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ഇപ്പോള്‍ നടത്തികഴിഞ്ഞു. ക്രിമിനലുകള്‍, മുന്‍ കൊലക്കേസ് പ്രതകള്‍ തുടങ്ങി നിരവധി പേരെയും ആനീസിന്റെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇവരുമായി അടുപ്പമുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണസംഘമെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറാനുള്ള തീരുമാനം കൈയെത്തും ദൂരത്തെത്തി കഴിഞ്ഞ സാഹചര്യത്തില്‍ അതിനു മുമ്പ് ആനീസിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്താന്‍ ലോക്കല്‍ പോലീസ് അരയും തലയും മുറുക്കി കളത്തിലിറങ്ങി കഴിഞ്ഞു.
കാത്തിരിക്കാം ക്ലൈമാക്സിനായി………….
ആനീസ് കൊലക്കേസിന്റെ ക്ലൈമാക്സ് വരാനിരിക്കുന്നതേയുള്ളു. ആരായിരിക്കും അജ്ഞാതനായ ആ കൊലയാളി………
എന്തായിരിക്കാം കൊലപാതകത്തിന്റെ കാരണം………… സ്വര്‍ണവും പണവും വേണ്ടെന്നു വച്ച് വളകള്‍ കവര്ന്നതെന്തിന്….. ഒരു തെളിവുമില്ലാതെ എങ്ങനെ കൃത്യം നടത്താനായി….. ചോദ്യങ്ങള്‍ പലതാണ്. ചങ്കിടിപ്പോടെ ആകാംക്ഷയോടെ കാത്തിരിക്കാം ലോക്കല്‍ പോലീസിന്റെ മികവ് പ്രകടമാകുന്ന ആ ക്ലൈമാക്സിനായി……….
ഈ വാർത്തയുടെ ഒന്നാംഭാഗം ലഭിക്കുന്നതിന് https://irinjalakuda.news/anees-murder-ijk/ ക്ലിക്ക് ചെയ്യുക