മാഞ്ഞുപോകില്ല ധീരജ് എന്ന സ്മരണ, ഇനിയും ജീവിക്കും ആ നാലു പേരിലൂടെ നാല് പേര്‍ക്ക് പുതുജീവനന് നല്കി ധീരജ് യാത്രയായി
ഇരിങ്ങാലക്കുട: ധീരജ് എന്ന യുവ നേതാവ് ഇനിയും ജീവിക്കും ആ നാലു പേരിലൂടെ. ആകസ്മികമായി പൊലിഞ്ഞ ജീവന് രണ്ടു പേര്‍ക്കു ജീവിതത്തിലേക്കു വഴിതുറക്കും. മറ്റു രണ്ടു പേര്‍ക്കു വെളിച്ചമേകും. മസ്തിഷ്ക മരണം സംഭവിച്ച മുന്‍ കാട്ടൂര്‍ പഞ്ചായത്തംഗം ധിരജിന്റെ (44) അവയവങ്ങളാണ് നാല് പേര്‍ക്ക് പുതുജീവിതം സമ്മാനിക്കുന്നത്. മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ധീരജ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ധീരജിന്റെ ഈ ആഗ്രഹമാണ് മരണശേഷം നിറവേറ്റിയത്. ധീരജിന്റെ കരളും, വൃക്കകളും കണ്ണുകളുമാണ് ദാനം ചെയ്തത്. മുമ്പ് ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് തകരാറു സംഭവിച്ചതിനെ തുടര്‍ന്ന് ശാസ്ത്രക്രിയ നടന്നിരുന്നു. ഒരുമാസം മുമ്പാണ് പനി ബാധിച്ച് ചികിത്സയില്‍ പ്രവേശിക്കുന്നത്. തലചോറിനു സംഭവിച്ച രക്തസ്രാവമാണ് മരണ കാരണമായി പറയുന്നത്. കരാഞ്ചിറ തേറാട്ടില്‍ ജോര്‍ജിന്റെയും മേരിയുടെയും മകനായ ധീരജ് സജീവമായ പൊതു പ്രവര്‍ത്തകനായിരുന്നു. കരാഞ്ചിറ സെന്റ് ഫ്രാന്‍സീസ് ഇടവകയിലെ ജീസസ് യൂത്ത് അംഗവുമായിരുന്നു. കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. എറണാക്കുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നടന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകീട്ടാണ് വീട്ടിലെത്തിച്ചത്. സംസ്കാരം ഇന്നു രാവിലെ 11 ന് കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: ജിഫ്ന. മക്കള്‍: കൃപ മരിയ, ക്രിസ് മാരിയോ, ക്രിസ്റ്റ്യാനോ, കാരിസ് മരിയ.