മുരിയാട് പാടശേഖരത്തിലെ മൂരിക്കോള്‍ പടവിലെ വലിയ തോട് തകര്‍ന്ന് കനത്ത നാശം, എട്ടര ഏക്കറിലെ നെല്‍കൃഷി ഒലിച്ച് പോയി
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മുരിയാട് പാടശേഖരത്തിലെ മൂരിക്കോള്‍ പടവിലെ വലിയ തോട് തകര്‍ന്ന് കനത്ത നാശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തോട് പൊട്ടിയത്. ഇതോടെ എട്ടര ഏക്കറിലെ നെല്‍കൃഷി ഒലിച്ച് പോയി. നട്ടിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. അഞ്ച് മീറ്റര്‍ നീളത്തിലാണ് തോട് പൊട്ടിയത്. മുരിയാട് സ്വദേശികളായ ഉണ്ണികൃഷ്ണന്, ദിവാകരന്, സുനാത് എന്നിവരാണ് ഇവിടെ കൃഷിയിറക്കിയത്. ആളൂര്‍, വേളൂക്കര പഞ്ചായത്തുകളില്‍ നിന്നുളള വെള്ളത്തിന്റെ ഒഴുക്കില്‍ തോട് പൊട്ടുകയായിരുന്നു. തോട് താല്കാലികമായി കെട്ടാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്. മുരിയാട് പാടശേഖരത്തില്‍ തന്നെയുള്ള കുമ്പത്തേരി, കൂവപ്പുഴ, കുളത്തൂര്‍, ഹരിതശ്രീ പടവുകള്‍ എല്ലാം തന്നെ ഇപ്പോഴും വെള്ളത്തിലാണ്. പടവുകളിലെ വെള്ളം പമ്പ് ചെയ്ത കളയാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. എന്നാല്‍ ആവര്‍ത്തിച്ചുള്ള വൈദ്യുതി തടസങ്ങള്‍ വെല്ലുവിളിയായി മാറുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ആകെ 22 പടവുകളാണ് മുരിയാട് പാടശേഖരത്തിലുളളത്.
കനത്ത മഴയില്‍ കാറളം ചെങ്ങാനിപാടത്തെ 50 ഏക്കര്‍ നെല്‍ കൃഷി വെള്ളം കയറി നശിച്ചു
കാറളം: കാലം തെറ്റി പെയ്തിറങ്ങിയ കാലവര്‍ഷം കാറളം ചെങ്ങാനിപ്പാടത്തെ മുഴുവന്‍ നെല്‍കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. ഒന്നര മാസം മാത്രം പ്രായമെത്തിയ നെല്‍പ്പാടം ആകമാനം വെള്ളം കയറി നശിച്ചു. കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ച് ദ്രവിച്ചു കിടക്കുന്ന കൊറ്റംകുളം ഷട്ടറുകള്‍ തുറക്കുന്നതില്‍ വന്ന കാലതാമസമാണ് 50 ഏക്കറില്‍ കൂടുതലുള്ള കാറളം ചങ്ങാനിപ്പാടത്തെ കൃഷി നശിക്കാന്‍ പ്രധാന കാരണമായത്. ഇരിങ്ങാലക്കുട അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ഓഫീസര്‍ മിനിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിനാശം സംഭവിച്ച പാടശേഖരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി.