ഡോ. എ.വി. സുധികുമാറിന് ശാസ്ത്ര സാഹിത്യ പുരസ്കാരം
ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയായ ഡോ. എ.വി. സുധികുമാര്‍ അര്‍ഹനായി. കേരളത്തിലെ ചിലന്തികള്‍ എന്ന ഗ്രന്ഥത്തിനാണ് ഗഹനമായ വൈജ്ഞാനിക ശാസ്ത്രസാഹിത്യ പുരസ്കാരം. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ സചിത്ര പുസ്തകത്തില്‍ സാധാരണ കണ്ടുവരുന്ന മുന്നൂറോളം ചിലന്തികളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ യുവശാസ്ത്ര പുരസ്ക്കാരത്തിന്റെയുംകേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിധ്യ ഗവേഷകനുള്ള പുരസ്കാത്തിന്റെയും ജേതാവാണ് ഡോ. എ.വി. സുധികുമാര്‍. ചിലന്തി വൈവിധ്യത്തെപറ്റിയുള്ള ഗവേഷക പ്രബന്ധങ്ങള്‍ നിരവധി വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു അവതരിപ്പിച്ചീട്ടുണ്ട്. ഇരുന്നൂറോളം ശാസ്ത്ര ലേഖനങ്ങള്‍ വിവിധ അന്തര്‍ദേശീയ ശാസ്ത്ര മാസികകളിലായി പ്രസിദീകരിച്ച ഇദ്ദേഹത്തിന്റെ പേരില്‍ സ്യൂഡോമോഗ്രസ് സുധി എന്നൊരു ചിലന്തിയുമുണ്ട്. കേന്ദ്ര സംസ്ഥാന ചിലന്തിഗവേഷണം പദ്ധതികളുടെ മുഖ്യ ഗവേഷകനായ ഇദ്ദേഹത്തിന്റെ കീഴില്‍ 20 ഗവേഷണ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.