ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് റോഡ് വികസനം കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി
റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം പൊതുമരാമത്ത് കെട്ടിടവിഭാഗം കണക്കാക്കിത്തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാന്‍ഡ് ആന്‍ഡ് അക്വസിഷന്‍ തഹസില്‍ദാറുടെ നിര്‍ദേശമനുസരിച്ച് ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് പിഡബ്ല്യുഡി കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് ഭാഗങ്ങാളായിട്ടാണ് പൊളിക്കേണ്ട കെട്ടിടങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുന്നത്. ഇതുവരെ അമ്പത് ശതമാനത്തിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ ഘടന, പഴക്കം എന്നിവയെല്ലാം അടങ്ങുന്ന റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. നിലവില്‍ ഏഴുമീറ്റര്‍ ടാറിടല്‍ ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പ്രസ്തുത റോഡ് 17 മീറ്ററാക്കിയാണ് വികസിപ്പിക്കുന്നത്. ഇതില്‍ 13.8 മീറ്റര്‍ ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാര്‍ റോഡും ബാക്കി ഇരുവശത്തും നടപ്പാതകളോടു കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെയ്ന്റ് ജോസഫ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണ് വികസനം നടപ്പിലാക്കുന്നത്. മനവലശ്ശേരി ഇരിങ്ങാലക്കുട വില്ലേജുകളിലായി ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി 0.7190 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരുതുന്നത്. റോഡ് വികസനത്തിനായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി, സ്കെച്ച് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി മതിപ്പുവില കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനായി തുക റവന്യൂ വകുപ്പിന് കൈമാറും. റവന്യൂ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റോഡുവികസനം തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടല്‍.