ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീര്‍ത്തടങ്ങള്‍ തരം മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയരുന്നു
ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ മൂന്നര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയരുന്നു. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി കിടക്കുന്ന ഭൂമി തരം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് വിവാദമായിരിക്കുന്നത്. അടുപ്പിച്ച് രണ്ട് മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന തെക്കേ നട റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമിയാണ് തരം മാറ്റാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന ഭവന്‍സ് ബാലമന്ദിറിനെയും പരിസരത്തുള്ള നാല്പതോളം കുടുംബങ്ങളെയും കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. നാലമ്പലദര്‍ശന സമയത്ത് തെക്കേ നടയിലെ നാനൂറ് മീറ്ററോളം ടാര്‍ റോഡ് വെളളക്കെട്ട് മൂലം വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സ്യഷ്ടിക്കുമെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. മുകുന്ദപുരം താലൂക്കില്‍ മനവലശ്ശേരി വില്ലേജില്‍ 673/1, 674/2, 675/3, 675/4 എന്നീ സര്‍വെ നമ്പറുകളിലായിട്ടാണ് ഭൂമിയുള്ളത്. വിഷയം പരിഗണിച്ച പ്രാദേശികതല നിരീക്ഷണസമിതി അംഗങ്ങളില്‍ ഒരാള്‍ ഭൂമി തണീര്ത്തടമായി തന്നെ നിലനിറുത്തണമെന്ന് രേഖപ്പെടുത്തിയപ്പോള്‍, ഒരംഗം ഡാറ്റ ബാങ്കില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. റോഡിന്റെ കിഴക്ക് ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡാറ്റ ബാങ്കില്‍ തന്നെ നിലനിറുത്തണമെന്നും പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമി ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കണമെന്നും വില്ലേജ് ഓഫീസര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ 2007, 2010, 2016, 2021 ലെ ഭൂപടങ്ങളില്‍ പ്രസ്തുത ഭൂമി തണീര്ത്തട സ്വഭാവത്തോട് കൂടിയാണ് കാണുന്നതെന്നും മുനിസിപ്പല്‍ റോഡില്‍ നിന്നും താഴ്ന്ന് കിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം മണ്ണടിച്ചാല്‍ വെളളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ഭൂമി ഡാറ്റ ബാങ്കില്‍ തന്നെ നിലനിറുത്തണമെന്നും കൃഷി ഓഫീസര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തണീര്ത്തട നിയമം വരുന്നതിന് മുമ്പ് ഭൂമി നികത്തിയിട്ടുളളതും നെല്‍കൃഷിക്ക് അനുയോജ്യമല്ലെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രസ്തുത ഭൂമിയില്‍ നിന്ന് രാമന്ചിറത്തോട്ടിലേക്ക് കനാല്‍ നിര്‍മ്മിച്ച് ആശങ്ക ഒഴിവാക്കി ഭൂമി ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ചെയര്‍പേഴ്സണ്‍ സോണിയ ഗിരി രേഖപ്പെടുത്തിയിരിക്കുന്നത്. ചെയര്‍പേഴ്സണ്‍ ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ പ്രാദേശിക തല നിരീക്ഷണ സമിതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ ഭൂമി തരം മാറ്റണമെന്ന ഉടമകളുടെ അപേക്ഷ ആര്‍ഡിഒ വിന്റെ പരിഗണനയ്ക്ക് വിടാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. അതേസമയം തണീര്ത്തടം നികത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പരിസരവാസികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി, ഡെപ്യൂട്ടി കളക്ടര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.