സ്വകാര്യ ബസുകളുടെ അമിത വേഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഠ സംഭവത്തിൽ ക്ഷമ ചോദിച്ച് ബസ് ഡ്രൈവർ
ഠ പിഴയടക്കമുള്ള നടപടിയെടുത്തെന്ന് ഉദ്യോഗസ്ഥർ
ഠ മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കും പുല്ലുവില
ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിത വേഗതയിൽനിന്ന് ജനപ്രതിനിധികൾക്കും രക്ഷയില്ല. അമിത വേഗതയിൽ എത്തിയ ബസിന്റെ മുന്നിൽനിന്നു തൃശൂരിലെ യോഗത്തിൽ പങ്കെടുത്ത് കാറിൽ മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ബസുകളുടെ അമിത വേഗതയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ലളിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെയായിരുന്നു സംഭവം.
കരുവന്നൂർ വലിയ പാലം കടന്ന് ഇരിങ്ങാലക്കുടയിലേക്കു പോകുന്പോൾ കാറിന്റെ മുന്നിലേക്കു തെറ്റായദിശയിൽ അലിനാസ് എന്ന സ്വകാര്യ ബസ് വരികയായിരുന്നു. ഡ്രൈവർ വാഹനം പെട്ടെന്ന് ഒതുക്കിയതുകൊണ്ട് അപകടത്തിൽനിന്നു രക്ഷപ്പെടുകയായിരുന്നെന്നും തങ്ങളുടെ വാഹനത്തിനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇരു ചക്രവാഹനവും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.
യോഗത്തിനുശേഷം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ ബസ് ഡ്രൈവർ ഷമീർ സംഭവത്തിൽ ക്ഷമ ചോദിച്ചു. എന്നാൽ, പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ റൂട്ടിലെ അമിത വേഗതയെ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയത്.