മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം തേടും,ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാലനിര്മാണം
ഇരിങ്ങാലക്കുട: നഗരസഭാ ആധുനിക അറവുശാലയ്ക്ക് തയ്യാറാക്കിയ പുതുക്കിയ ഡിപിആര്‍ (വിശദ പദ്ധതിരേഖ) മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനായി കൈമാറും. ഇതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളില്‍നിന്നുള്ള ഉന്നതതല സംഘം ഡിപിആര്‍ പരിശോധിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിനും ബയോഗ്യാസ് പ്ലാന്റിനുമടക്കം 18.50 കോടി രൂപയുടെ പദ്ധതിയുടെ ഡിപിആറാണ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാല നിര്‍മിക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതിയില്‍നിന്ന് കിഫ്ബി പിന്മാറിയതോടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനാണ് നഗരസഭയുടെ നീക്കം. ഇതിനുള്ള അനുമതി കൗണ്‍സില്‍ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അഗ്രികള്‍ച്ചറല്‍ മീറ്റ്സ് യൂണിറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്, വാട്ടര്‍ അതോറിറ്റി, വെറ്ററിനറി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറവുശാലയ്ക്കായി തയ്യാറാക്കിയ ഡിപിആര്‍ പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡിപിആര്‍ അംഗീകാരത്തിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറുന്നത്. നേരത്തെ അറവുശാല നിന്നിരുന്ന സ്ഥലത്ത് രണ്ടുനിലകളിലായി എല്ലാതരം മൃഗങ്ങളെയും അറക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അറവുശാലയാണ് ഒരുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള അറവുശാല പൊളിച്ചുമാറ്റിക്കഴിഞ്ഞു. പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ ഈ വര്‍ഷംതന്നെ അറവുശാലയുടെ നിര്‍മാണം തുടങ്ങാനാണ് നീക്കം. 2012 ഏപ്രിലിലാണ് അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചത്. അറവുശാലയുടെ മതിലിടിഞ്ഞുവീണ് മാലിന്യം പുറത്തേക്ക് ഒഴുകിയതോടെയാണ് തുടക്കം. മാലിന്യംമൂലം പരിസരത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് മാടുകളെ അറക്കാന്‍ പാടില്ലെന്നുള്ള കോടതി ഉത്തരവും നേടി. ചട്ടങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയതോടെ അറവുശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി അറവുശാലയുടെ മതിലിന്റെ പുനര്‍നിര്‍മാണവും നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചലവഴിച്ച് അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.