ഈസ്റ്ററിന് ഒരുക്കമായി അമ്പത് നോമ്പാചരണം തുടങ്ങി
ഇരിങ്ങാലക്കുട; യേശുവിന്റെ ഉയിര്‍പ്പ് തിരുനാളിന് (ഈസ്റ്റര്‍) ഒരുക്കമായി ക്രൈസ്തവര്‍ അമ്പത് നോമ്പാചരണം (വലിയ നോമ്പ്) തുടങ്ങി. നോമ്പിന് തുടക്കം കുറിച്ച് ക്രൈസ്തവര്‍ തിങ്കളാഴ്ച വിഭൂതി തിരുനാള്‍ ആചരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ദിന തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് പയ്യപ്പിള്ളി, ബിഷപ് സെക്രട്ടറി ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡിന്റോ പ്ലാക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പഴയ നിയമകാലത്ത് ഭൗതീകതയോടുള്ള വിരക്തിയുടെ പ്രതീകമായി ദേഹത്ത് ചാരംപൂശിയാണ് നോമ്പനുഷ്ഠിച്ചിരുന്നത്. ഇതിന്റെ അനുസ്മരണമായി നെറ്റിയില്‍ ചാരംകൊണ്ടുള്ള കരിക്കുരിശ് വരയ്ക്കുന്ന ക്രിസ്തീയ അനുഷ്ഠാനമാണ് കുരിശുവര തിരുനാള്‍ എന്ന വിഭൂതി തിരുനാള്‍. പാതിനോമ്പ്, നാല്പതാം വെള്ളി, പെസഹാവ്യാഴം, ദുഃഖവെള്ളി, ഉയിര്‍പ്പ് ഞായര്‍ തുടങ്ങിയ പ്രത്യേക ദിവസങ്ങള്‍ അമ്പത് നോമ്പിന്റെ ഭാഗമാണ്.