കളി തുടങ്ങണം, പുതിയ കളരിയില്‍ കലാനിലയത്തിന്റെ പുതിയ കളരിക്ക് കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പിന്റെ അനുമതി വൈകുന്നു
ഇരിങ്ങാലക്കുട: കഥകളി അഭ്യസിക്കാന്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് പുതിയ കളരിക്ക് അനുമതി വൈകുന്നു. കേന്ദ്ര-സാംസ്കാരിക ടൂറിസം വകുപ്പിന്റെ അനുമതിയാണു ലഭിക്കാനുള്ളത്. 3.7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണപ്രവൃത്തികള്ക്കുള്ള നിവേദനം കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ടി.എന്‍. പ്രതാപന് എം.പി. വഴിയാണ് കലാനിലയം ഭരണസമിതി കേന്ദ്രമന്ത്രി ജി. കിഷന് റെഡിക്കു നവീകരണത്തിനുള്ള നിവേദനം നല്‍കിയിരിക്കുന്നത്. പരിതാപകരമായ അവസ്ഥയില്‍ നില്ക്കുന്ന കലാനിലയം ഓഡിറ്റോറിയം പൊളിച്ച് പുതിയ കളരിനിലയവും ഓഫീസ് കെട്ടിടവും നിര്‍മിക്കാനാണ് ഭരണസമിതി പദ്ധതി തയാറാക്കിയിരിക്കുന്നത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളീയ മാതൃകയില്‍ ഇതിനായി രൂപരേഖ ഒരുക്കിയിരിക്കുന്നത്.