കാലാവസ്ഥ വ്യതിയാനം: കര്‍മ്മ പദ്ധതിക്കായി മുരിയാട് ഗ്രാമപ്പഞ്ചായത്ത് കിലയുമായി കൈകോര്‍ക്കുന്നു
മുരിയാട്: കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുരിയാട് ഗ്രാമപ്പഞ്ചായത്തും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്ട്രേഷന്) യുമായി ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കര്‍മ്മപദ്ധതി തയ്യാറാക്കുന്ന തൃശൂര്‍ ജില്ലയിലെ പ്രഥമ പഞ്ചായത്താകും മുരിയാട് കിലയുടെ സഹകരണത്തോടെ വാര്‍ഡ് തോറും ഡാറ്റാ ശേഖരണം നടത്തി കാലാവസ്ഥ വ്യതിയാനം മുരിയാട് പഞ്ചായത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെയാണ്, ഏതെല്ലാം രീതിയിലാണ് അത് ഭാവിയിലെ പാരിസ്ഥിതിക കാര്‍ഷിക മേഖലകളെ ബാധിക്കുന്നത്, എങ്ങനെ അതിനെ പ്രതിരോധിക്കാം അതിനുള്ള കര്‍മ്മപരിപാടികള്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മുരിയാട് ഗ്രാമപഞ്ചായത്ത് കിലയുമായി കൈകോര്‍ത്തിരിക്കുന്നത്.
പദ്ധതിയുടെ പ്രാഥമിക യോഗം മുരിയാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കിലയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എക്പേര്ട്ട് ഡോ. എസ്. ശ്രീകുമാര്‍, കില പ്രൊഫസര്‍ ഡോ: മോനിഷ് ജോസ്, കോ ഓഡിനേറ്റര്‍ ഡോ. രാജ് കുമാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യസമിതി ചെയര്മാന് കെ.പി. പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കെ. വൃന്ദ കുമാരി, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജെസീന്ത തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കില ബ്ലോക്ക് കോ ഓഡിനേറ്റര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു വര്‍ഷത്തിനുള്ളില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യമിടുന്നത്.